കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര വികസനം: ഡി.പി.ആര്‍ കിറ്റ്‌കോ തയ്യാറാക്കും


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ആസ്​പത്രിയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റിനെ നിയമിക്കാനുള്ള താത്പര്യ പത്രം ക്ഷണിക്കാനും തീരുമാനിച്ചു. വികസനപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കളക്ടര്‍ യു.വി. ജോസിനെ ചുമതലപ്പെടുത്തി. 10 കോടിരൂപ ചെലവില്‍ പണിയുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആസ്​പത്രി വികസനത്തിന് കിഫ്ബിയില്‍ നിന്ന് നൂറുകോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍പ്ലാനും ഡി.പി.ആറും തയ്യാറാക്കുന്നത്. പൊതുജന പങ്കാളിത്തതോടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ലക്ഷ്യത്തിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, എം.എല്‍.എ.മാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത എന്നിവര്‍ പങ്കെടുത്തു.
Back To Blog Home Page