താമരശ്ശേരി ചുരത്തിലെ വളവുകളിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ദേശീയപാതയുടെ അറ്റകുറ്റപ്പണി അവസാനിപ്പിച്ചു. ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളില്‍ തകര്‍ന്നുകിടന്ന റോഡ് കുഴിയടച്ചശേഷം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ്
ശനിയാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. മൂന്ന്, അഞ്ച് വളവുകളില്‍ കുഴിയടയ്ക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇവിടെ വളവുകള്‍ വീതികൂട്ടി നവീകരിക്കാനുള്ള പദ്ധതി ഉടന്‍ തുടങ്ങാനിരിക്കുന്നതിനാലാണിതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനീയര്‍ അറിയിച്ചു. ഇതിന് വനംവകുപ്പില്‍ സ്ഥലം വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ്. ഇതിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതാണെന്നും അറിയിച്ചു. 0.96 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടാനാണ് നടപടി അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നത്. 79 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയായതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപ്പണിക്കിടെ ചുരത്തിലൂടെ വലിയ ലോറികള്‍ കടന്നുവന്ന് ഗതാഗതക്കുരുക്കുണ്ടാക്കിയത് വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ ദുരിതം പേറി. ഇതിനെത്തുടര്‍ന്ന് ശനിയാഴ്ച വലിയ വാഹനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ശനിയാഴ്ച രാവിലെ താമരശ്ശേരി യു.പി. സ്‌കൂളില്‍ താലൂക്കുതല അദാലത്തിനെത്തിയ കളക്ടര്‍, റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും യോഗം വിളിച്ചുചേര്‍ത്താണ് വലിയ ലോറികളുടെ ഗതാഗതം രാത്രി എട്ട് മണിവരെ നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയത്. അറ്റകുറ്റപ്പണി പൂര്‍ത്തിയായ റോഡിലൂടെ ഭാരമേറിയ ലോറികള്‍ കടന്നുവന്നാല്‍ റോഡ് വീണ്ടും തകരുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തുടര്‍ന്നും ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.Back To Blog Home Page