റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരം: DPR റെയിൽവേക്കു സമർപ്പിച്ചിട്ട് ഇന്നേക്ക് എട്ട് മാസം പിന്നിട്ടു



കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി തയാറാക്കി സമർപ്പിച്ച വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) റെയിൽവേക്കു മുന്നിലെത്തിയിട്ടു ഇന്ന് എട്ടു മാസം പൂർത്തികുമ്പോഴും ഇക്കാര്യത്തിൽ റെയിൽവേ തീരുമാനമെടുത്തിട്ടില്ല.

സ്വകാര്യ പങ്കാളിത്തത്തോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ ആധുനികവൽക്കരിക്കുന്ന പദ്ധതിക്ക് 2017 ഫെബ്രുവരിയിലാണ് റെയിൽവേ തുടക്കമിട്ടത്. ടെൻഡർ ക്ഷണിച്ച ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത് കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) മാത്രമായിരുന്നു. തുടർന്ന് ഇവരോട് ഡിപിആർ സമർപ്പിക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. 2017 ജൂലൈ 24നാണ് യുഎൽസിസിഎസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട വികസനപദ്ധതികൾ സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖ സമർപ്പിച്ചത്.

ഈ ഡിപിആർ റെയിൽവേ ഇനിയും അംഗീകരിച്ചിട്ടില്ല. ഡിപിആർ അംഗീകരിച്ചു തീരുമാനമെടുത്തശേഷമാണ് പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കുക. ഈ ഡിപിആറിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ പുതിയ ടെൻഡർ വിളിക്കും. അതിൽനിന്നാണ് പദ്ധതി നടപ്പാക്കുന്ന കരാർ നൽകുക. രാജ്യത്തെ 23 റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് കോഴിക്കോട്ടെ പദ്ധതിക്കും തുടക്കമിട്ടത്.

ദക്ഷിണ റെയിൽവേ ആസ്ഥാനമായ ചെന്നൈ കേന്ദ്രീകരിച്ചാണ് ഇതിന്റെ നടപടികൾ സ്വീകരിച്ചുവരുന്നത്. യാത്രക്കാർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയിൽ സ്റ്റേഷൻ ആധുനികവൽക്കരിക്കുന്നതിനൊപ്പം സ്റ്റേഷനോടു ചേർന്ന സ്ഥലം പ്രയോജനപ്പെടുത്തി ഹോട്ടൽ ഉൾപ്പെടെ സൗകര്യമൊരുക്കാനും സ്വകാര്യ ഏജൻസിക്ക് അവകാശം ലഭിക്കും. 45 വർഷത്തേക്കാണ് ഇതിന്റെ ലീസ് കാലാവധി.