പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി: അടങ്കലിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ റീ-ടെന്‍ഡര്‍
കോഴിക്കോട്: ജി.എസ്.ടി. കുരുക്കില്‍പ്പെട്ട് കരാര്‍ റദ്ദാക്കിയ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി പവര്‍ഹൗസ് നിര്‍മാണത്തിന് റീടെന്‍ഡറായി. നാല് കമ്പനികളാണ് പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യത നേടിയത്. ഇവയില്‍ അടങ്കലായ 44.4 കോടിയെക്കാള്‍ കുറഞ്ഞ നിരക്ക് (41.55 കോടി) രേഖപ്പെടുത്തിയത് മലപ്പുറത്തെ കമ്പനിയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അംഗീകാരത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യ കരാറിനെക്കള്‍ 2.17 കോടി രൂപ അധികമാണ് ഇപ്പോഴത്തേത്. 2016 നവംബറിലായിരുന്നു പവര്‍ ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികളുടെ ആദ്യ കരാര്‍ നല്‍കിയത്. 39.38 കോടിക്കാണ് ആദ്യ കരാറുകാരായ കൊച്ചി കമ്പനി ഏറ്റെടുത്തിരുന്നത്. 41.46 കോടിയായിരുന്നു അന്നത്തെ അടങ്കല്‍. പക്ഷേ, നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് സ്ഥലമൊരുക്കുന്ന ജോലികള്‍ തുടങ്ങിയ സമയത്ത് കരാറെടുത്ത കമ്പനി കരാറില്‍നിന്ന് പിന്‍വാങ്ങി. ടെന്‍ഡര്‍ സമയത്തില്ലാതിരുന്ന ജി.എസ്.ടി. അധിക ബാധ്യതയായി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ടെന്‍ഡര്‍ നടക്കുമ്പോള്‍ നാലുശതമാനം നികുതിയെന്നത് ജി.എസ്.ടി. നിലവില്‍ വന്നതിനുശേഷം 18 ശതമാനമായി മാറി. അടങ്കലിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ എടുത്തിരുന്നതിനാല്‍ നികുതി നിരക്കിലെ അധികബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കമ്പനി കെ.എസ്.ഇ.ബി.യെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ കെ.എസ്.ഇ.ബി. കരാര്‍ റദ്ദാക്കി. നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകമായിരുന്നു ഇത്. 2015-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിയാണ് പല കാരണങ്ങളാല്‍ തുടങ്ങാന്‍ വൈകിയത്. ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതി മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുവണ്ണാമൂഴിയിലേത്. പെരുവണ്ണാമൂഴി ഡാമിലെ വെള്ളമുപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.