താമരശ്ശേരി മേഖലയിലെ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി


കോഴിക്കോട്:താമരശ്ശേരി മേഖലയിലെ പുല്ലാഞ്ഞിമേട്, അമ്പായത്തോട് ഭാഗങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നാല് ക്വാറികളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വാഹനങ്ങളും ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. മൂന്നു തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

പുല്ലാഞ്ഞിമേടിൽ നടന്ന റെയ്ഡിൽ ഇടുക്കി ഇരുമ്പുപാലം സ്വദേശി കെ. സജീവിനെയും, അമ്പായത്തോട്ടിലെ ഒരു ക്വാറിയിൽ നടത്തിയ റെയ്ഡിൽ സേലം സ്വദേശി പെരുമാളിനെയും, ഊത്തക്കാര ഉപ്പാറപ്പെട്ടി സ്വദേശി രമേശിനെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അമ്പായത്തോട്ടിലെ മറ്റു രണ്ടു ക്വാറികളിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു.ക്വാറികളിൽ നിന്നും ഖനനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ സ്റ്റിക്, ഫ്യുസ് വയറുകൾ, ഡിറ്റണേറ്റർ ഘടിപ്പിച്ച കമ്പികൾ, ട്രാക്ടറുകൾ, എസ്‌കലേറ്ററുകൾ, ഇലക്ട്രിക് കേബിളുകൾ, പാറ പൊട്ടിക്കുന്ന ഉപകരണങ്ങൾ, ഡയനാമോ, മൾട്ടി മീറ്ററുകൾ, ടിപ്പർ ലോറികൾ, രണ്ട് കംപ്രസ്സർ ട്രാക്ടറുകൾ, മോട്ടോർ പമ്പ് സെറ്റുകൾ, സേഫ്റ്റി ട്യൂബുകൾ, ഡ്രില്ലിങ് ഉപകരണങ്ങൾ തുടങ്ങിയവ പിടികൂടി. എന്നാൽ അനധികൃത ക്വാറി ഉടമകളുടെ പേരുവിവരങ്ങൾ ശേഖരിച്ചു വരികയാണെന്നാണ് പൊലീസ് അറിയിച്ചത്

Post a Comment

0 Comments