ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം നാളെ



കോഴിക്കോട്:ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള മടപ്പള്ളി സ്കൂൾ അക്കാദമിക് പ്രൊജക്ട് ഫോർ ലേണിങ് ആൻഡ് എംപവർമെന്റ് (എംഎപിഎൽഇ) നാളെ  മന്ത്രി സി. രവീന്ദ്രനാഥ് മടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടമായി മടപ്പള്ളിയിലെ അഞ്ച് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ വികസന പദ്ധതി മൂന്നു വർഷത്തിനു ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുഎൽസിസി ചെയർമാൻ പാലേരി രമേശനും യുഎൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ടി. പി. സേതുമാധവനും അറിയിച്ചു. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു പുറമെ വിവിധ തൊഴിൽ മേഖലകളിൽ വിജയം വരിക്കാൻ ഉതകുന്ന രീതിയിലുളള പരിശീലനവും നൽകുന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് മികച്ച നിലയിൽ ക്ലാസെടുക്കാനുള്ള പരിശീലനവും ലഭ്യമാക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരായിരിക്കും പരിശീലനത്തിനുണ്ടാവുക.

കുട്ടികൾക്ക് ഉപരി പഠന മേഖല തിരഞ്ഞെടുക്കാനുള്ള അവബോധം നൽകാനും ഇതു കൊണ്ട് കഴിയും. ഇംഗ്ലീഷ് പ്രാവീണ്യ ക്ലാസുകൾ, മനഃശാസ്ത്രം, പരിസ്ഥിതി സൗഹാർദ പരിപാടികൾ തുടങ്ങി മുപ്പത്തിയഞ്ച് മേഖലകളിലൂടെ പരിശീലനം കടന്നു പോകും. പരിപാടിക്ക് രക്ഷിതാക്കളുടെ സഹകരണവും തേടും. സർക്കാർ സഹായമൊന്നുമില്ലാത്ത പദ്ധതിക്ക് മൊത്തം രണ്ടു കോടിയോളം രൂപ ചെലവിടേണ്ടി വരും. ഉദ്ഘാടന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി മുഖ്യാതിഥിയായിരിക്കും. സി. കെ. നാണു എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ബാബു പറശേരി പദ്ധതി രൂപ രേഖ സമർപ്പിക്കും.

Logo credit:ulccs website




Back To Blog Home Page