വെള്ളയില്‍ ഹാർബറിൻ 10 കോടി രൂപ നബാര്‍ഡ് അനുവദിക്കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മകോഴിക്കോട്: വെള്ളയിൽ ഹാർബറുൾപ്പെടെ സംസ്ഥാനത്തെ ഏഴ് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നാം ഘട്ടമായി 75 കോടി രൂപ നബാര്‍ഡ് അനുവദിക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ അറിയിച്ചു. ധനകാര്യ മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹാര്‍ബറുകളുടെ നിര്‍മ്മാണം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനവുമായി സഹകരിച്ചാണ് പൂര്‍ത്തീകരിച്ചു വന്നത്. 60:40 അനുപാതത്തിലായിരുന്നു കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നത്.

എന്നാല്‍ മൂന്ന് വര്‍ഷമായി നാമമാത്ര കേന്ദ്ര ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഫണ്ടില്‍ കുറവ് വന്നതില്‍ കേന്ദ്രവിഹിതമായ 85 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അധികമായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. ഇതിനാലാണ് ബജറ്റില്‍ അനിവദിച്ച 25 കോടിക്കു പുറമേ 75 കോടി കൂടി നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തുന്നത്.

രണ്ട് ഗഡുക്കളായിട്ടാണ് നബാര്‍ഡ് തുക അനുവദിക്കുന്നത്. ഒന്നാം ഗഡുവായി അനുവദിക്കുന്ന 75 കോടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ രണ്ടാം ഗഡു ഫണ്ടും അനുവദിക്കുമെന്ന് നബാര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

ഏഴു ഹാര്‍ബറുകളുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തീകരിക്കുന്നത്. ഓരോ ഹാര്‍ബറിനുമുള്ള ബജറ്റ് വിഹിതം കൂടി ഉള്‍പ്പെടുത്തി ആര്‍ത്തുങ്കല്‍ ഹാര്‍ബറിന് 10 കോടി രൂപയും, താനൂര്‍ 20, വെള്ളയില്‍ 10, തോട്ടപ്പള്ളി 20, കാസര്‍കോഡ് 20, കായംകുളം 10, നീണ്ടകര 10 കോടി രൂപയുമാണ് ആദ്യ ഘട്ടമായി ചെലവഴിക്കുന്നത്.