തിരുവമ്പാടിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണം ആരംഭിച്ചുകോഴിക്കോട്:തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു. ചവലപ്പാറയ്ക്കടുത്ത് പഞ്ചായത്ത് വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനോട് ചേര്‍ന്ന് പൊതുശ്മശാനവും ഉണ്ടാകും. ശുചിത്വമിഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ 42 ലക്ഷം രൂപയാണ് മാലിന്യ സംസ്‌കരണ പ്ലാന്റിനും ശ്മശാനത്തിനും വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 22 ലക്ഷവും ശുചിത്വമിഷന്റേതാണ്. പത്തുലക്ഷം വീതം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും അനുവദിച്ചു. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനായി നല്‍കും. സ്ഥലം നിരപ്പാക്കി ചുറ്റുമതില്‍ കെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍ പറഞ്ഞു. സമീപ പഞ്ചായത്തുകള്‍ക്ക് കൂടി ഇത് പ്രയോജനപ്പെടുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കും.