ബേപ്പൂർ തുറമുഖ വികസനം; ഹാർബർ എൻജിനിയറിങ‌് വിഭാഗം ഓഫീസ് പൊളിച്ചുനീക്കും


കോഴിക്കോട്:ബേപ്പൂർ തുറമുഖ വികസനത്തിന‌് കൂടുതൽ സ്ഥലം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാർബർ എൻജിനിയറിങ് വിഭാഗം സബ്ഡിവിഷൻ ഓഫീസ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ തീരുമാനം. പോർട്ടിനോട് ചേർന്ന് പുലിമുട്ട് റോഡിന് സമീപത്തുള്ള കെട്ടിടങ്ങളാണ് നീക്കംചെയ്യുന്നത്. പകരം പോർട്ട് ഭൂമിയിൽ ഹാർബർ എൻജിനിയറിങ് വിഭാഗത്തിനായി പുതിയ ഓഫീസ് കെട്ടിടം നിർമിക്കും.
തുറമുഖ വികസനത്തിനായി സർക്കാരിന് നേരത്തെ സമർപ്പിച്ച മാസ്റ്റർപ്ലാൻ പ്രകാരം വാർഫ് നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കൊപ്പം തുറമുഖത്തിന്റെ സ്ഥലസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് സമ്മതമറിയിച്ചും പകരം ഭൂമി അനുവദിച്ചുകിട്ടുന്നതിനുമായി ഹാർബർ എൻജിനിയറിങ് വിഭാഗം തുറമുഖ വകുപ്പ‌്  അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ തുറമുഖ വികസനത്തിന് 26 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഏതാണ്ട് 100 കോടി രൂപ ചെലവിൽ വാർഫ് 200 മീറ്റർ കൂടി നീട്ടുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയ ചെന്നൈ ഐഐടിയുടെ വിദഗ‌്ധ സമിതിയുടെ റിപ്പോർട്ട് ഹാർബർ എൻജിനിയറിങ് വകുപ്പിന് കൈമാറിയിരുന്നു.
ഇപ്പോഴത്തെ വാർഫിന്റെ പടിഞ്ഞാറെ അറ്റം മുതൽ നിലവിലെ ജങ്കാർ ജെട്ടിയുൾപ്പെടുന്ന പുലിമുട്ട് ബീച്ച് ഭാഗത്തേക്കാണ് 20 മീറ്റർ വീതിയിൽ പുതിയ വാർഫ് നിർമിക്കാനുദ്ദേശിക്കുന്നത്. ഈ നിർദേശങ്ങൾ ഉൾപ്പെടുന്ന വിശദ മാസ്റ്റർപ്ലാനാണ് മുമ്പ് തുറമുഖ വകുപ്പിനുവേണ്ടി ഹാർബർ എൻജിനിയറിങ് വിഭാഗം സമർപ്പിച്ചത്. കടലും പുഴയുമായി ബന്ധപ്പെട്ട കോടികളുടെ പദ്ധതിയായതിനാൽ കടലിൽനിന്നും പുഴയിലേക്കുള്ള ജലപ്രവാഹവും തിരയടിയും മറ്റു സാങ്കേതിക വശങ്ങളും വിശദമായി പഠിച്ച‌് ആധികാരികത ഉറപ്പാക്കി റിപ്പോർട്ട് തയാറാക്കാനായിരുന്നു സർക്കാർ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയത്.
ബേപ്പൂർ തുറമുഖത്ത് നിലവിൽ 310 മീറ്റർ നീളത്തിലാണ് വാർഫുള്ളത്. വാർഫ് സൗകര്യം കുറവായതിനാൽ  ദ്വീപ് യാത്രാക്കപ്പലുകൾ, ചരക്ക് ബാർജുകൾ, കണ്ടെയ്നർ കപ്പലുകൾ, ഉരുക്കൾ എന്നിവയ്ക്ക് ഒരേസമയം തുറമുഖത്ത് നങ്കൂരമിടാനാകാത്ത അവസ്ഥയാണ്. യാത്രാക്കപ്പലും ഉരുവും തമ്മിൽ കൂട്ടിയിടിക്കുന്ന അപകടാവസ്ഥയുമുണ്ട്. തുറമുഖത്തെ സ്ഥലപരിമിതി കാരണം പലപ്പോഴും കൂറ്റൻ കണ്ടെയ്നർ കപ്പൽ ഉൾപ്പെടെ തുറമുഖത്തടുപ്പിക്കുന്നത് വൈകിപ്പിച്ച്  കടലിൽ ഒന്നിലേറെ ദിവസം നങ്കൂരമിടുന്നതും പതിവാണ്. പുതിയ വാർഫ് വരുന്നതോടെ നിലവിലെ സ്ഥലപരിമിതി ഏതാണ്ട് പരിഹരിക്കപ്പെടും.
 ഹാർബർ എൻജിനിയറിങ‌് വിഭാഗം സബ്ഡിവിഷൻ ഓഫീസും അനുബന്ധ കെട്ടിടങ്ങളും  പൊളിച്ചുമാറ്റുന്നതോടെ പോർട്ടിന്റെ സൗകര്യങ്ങൾ നിലവിലുള്ളതിന്റെ ഇരട്ടിയോളമാകും. ഹാർബർ എൻജിനിയറിങ് വിഭാഗത്തിന് തുറമുഖ വകുപ്പിന്റെ സിൽക്കിന് പാട്ടത്തിന് നൽകിയതിനോടനുബന്ധിച്ചുള്ള സ്ഥലം നൽകാനും ധാരണയായിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിയും സർക്കാരിന‌് സമർപ്പിച്ചതായും ഹാർബർ എൻജിനിയറിങ് കോഴിക്കോട് ഡിവിഷൻ എക‌്സിക്യൂട്ടീവ്  എൻജിനിയർ എം എ അൻസാരി  അറിയിച്ചു.
വെള്ളത്തിനടിയിലെ പാറ പൊട്ടിച്ച‌് വാർഫ് ബേസിൻ ആഴം വർധിപ്പിക്കുന്നതിനും  തൊഴിലാളികളുടെ വിശ്രമത്തിനും കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളും വൈകാതെ ആരംഭിച്ചേക്കും. തുറമുഖം അന്താരാഷ്ട നിയമങ്ങളുടെ പരിധിയിൽ പൂർണമായും  കൊണ്ടുവരുന്നതിന‌് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതിയ പരിശോധനാകേന്ദ്രം നേരത്തെ നിർമാണം പൂർത്തിയായി. പുതിയ ഗെയ്റ്റ് ഹൗസ് നിർമാണവും അന്തിമഘട്ടത്തിലാണ്.

Post a Comment

0 Comments