കോഴിക്കോട്: നഗരത്തിന് പുതിയ പാർക്കിങ് അനുഭവം വിതാനം ചെയ്യാനായി മൊബിലിറ്റി ഹബ്ബ് വരുന്നു. ഈ വർഷത്തെ സംസ്ഥാനബജറ്റിൽ ആലപ്പുഴയ്ക്കുപുറമേ കോഴിക്കോട് നഗരത്തിനായി പ്രഖ്യാപിച്ച പദ്ധതിയാണ് കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്. എന്നാൽ ബജറ്റിൽ തുകയൊന്നും അനുവദിക്കാതിരുന്ന പദ്ധതി കിഫ്ബി വഴി നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ബൈപ്പാസിൽ മലാപ്പറമ്പിലെ പാച്ചാക്കിൽ ഭാഗത്തായാണ് 15 മുതൽ 25 ഏക്കർവരെ സ്ഥലം ഏറ്റെടുത്ത് ഗതാഗതസൗകര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പൊതുസംവിധാനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ.ഗസ്റ്റ്ഹൗസിൽ പ്രാഥമിക ആലോചനയോഗം നടത്തി. സ്ഥലമെടുപ്പ് ഉൾപ്പെടെ കാര്യങ്ങൾ വിലയിരുത്തി പദ്ധതിനിർദേശ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ യു.വി.ജോസിനെ ചുമതലപ്പെടുത്തി. ഏറ്റെടുക്കാനുദേശിക്കുന്ന ഭൂമിയുടെ നിയമസാധുത റവന്യൂവകുപ്പ് പരിശോധിക്കും. പ്രദീപ്കുമാർ എം.എൽ.എ. ചെയർമാനും റീജണൽ ടൗൺ പ്ലാനർ കെ.വി.അബ്ദുൾ മാലിക് കൺവീനറായും കളക്ടർ യു.വി.ജോസ് നോഡൽ ഓഫീസറുമായും പ്രവർത്തകസമിതി രൂപവത്കരിച്ചു. തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, ഗതാഗതം, കൃഷി എന്നീ വകുപ്പുകളും കോർപ്പറേഷൻ, നാറ്റ്പാക് എന്നിവയും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. മേയ് രണ്ടാംവാരത്തോടെ മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച പ്രാഥമികപദ്ധതിനിർദേശ റിപ്പോർട്ട് തയ്യാറാക്കാനാണ് ചർച്ചയിൽ തീരുമാനമായതെന്നും മേയ് 12-നകം പദ്ധതിനിർദേശം സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കോഴിക്കോട് എൻ.ഐ.ടി.യുടെ സാങ്കേതികസഹായത്തോടെ തയ്യാറാക്കിയ രൂപരേഖയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നടത്തിപ്പിന്റെയും നിർമാണത്തിനുള്ള ഫണ്ട് വകയിരുത്തലിന്റെയും കാര്യങ്ങൾ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. സ്ഥലത്തിന്റെ ലഭ്യതയാണ് പ്രധാനപ്രശ്നം. ഏതുസാഹചര്യത്തിലും മൊബിലിറ്റിഹബ്ബ് കോഴിക്കോട് നഗരത്തിന് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ലൈറ്റ് മെട്രോയുമായി കണക്ടിവിറ്റിവരെ ഉറപ്പാക്കുന്ന തരത്തിൽ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് മൊബിലിറ്റി ഹബ്ബുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എ.പ്രദീപ്കുമാർ എം.എൽ.എ. ചർച്ചയിൽ മൊബിലിറ്റി ഹബ്ബിന്റെ മാതൃക എൻ.ഐ.ടി. ആർക്കിടെക്ട് വിഭാഗം മുൻമേധാവി ഡോ. പി.പി.അനിൽകുമാർ അവതരിപ്പിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ കെ. പദ്മകുമാർ, ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, കളക്ടർ യു.വി.ജോസ്, റീജണൽ ടൗൺപ്ലാനർ കെ.വി.അബ്ദുൾ മാലിക്, ഡെപ്യൂട്ടിമേയർ മീരാ ദർശക്, കെ.വി.ബാബുരാജ്, ആർ.ടി.ഒ. സി.ജെ. പോൾസൺ തുടങ്ങിയവരും പങ്കെടുത്തു.
മാസ്റ്റർ പ്ലാൻ 2035-ൽ മെബിലിറ്റി ഹബ്ബ് സ്ഥാപിക്കാൻ നിർദ്ദേശിച്ച സ്ഥലം |
0 Comments