കണ്ടെയ്നർ വഴിയുള്ള ചരക്കുനീക്കം സജീവമാക്കി ബേപ്പൂർ തുറമുഖം


കൊച്ചി–ബേപ്പൂർ സെക്ടറിൽ പതിവു കണ്ടെയ്നർ ചരക്ക് സർവീസ് നടത്തുന്ന ഗ്രേറ്റ് സീ വേമ്പനാട് കപ്പൽ.


കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് കണ്ടെയ്നർ മാർഗമുള്ള ചരക്കു നീക്കം സജീവമായതോടെ മലബാറിന്റെ വാണിജ്യ മേഖല പുതിയ പ്രതീക്ഷകളിൽ. ബേപ്പൂർ–കൊച്ചി റൂട്ടിൽ ചരക്കു നീക്കത്തിനുള്ള ഗ്രേറ്റ് സീ വേമ്പനാട് കണ്ടെയ്നർ കപ്പൽ പതിവു സർവീസ് ആരംഭിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തിൽ ചരക്കു നീക്കം തകൃതിയായത്.

20 കണ്ടെയ്നർ ടൈൽസ്(തറയോട്) ഗ്രേറ്റ് സീ വേമ്പനാട് കപ്പലിൽ ബേപ്പൂരിലെത്തിച്ചു. ഹാൻഡ്‌ലിങ് ക്രെയിനുപയോഗിച്ച് ഇറക്കിയ കണ്ടെയ്നറുകൾ ട്രക്കുകളിൽ വിവിധ സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയിത്തുടങ്ങി. വലിയ കപ്പലുകളിൽ കൊച്ചിയിൽ ഇറക്കുന്ന കണ്ടെയ്നറുകളാണ് ഗ്രേറ്റ് സീ വേമ്പനാട് കപ്പലിൽ ബേപ്പൂരിൽ എത്തിക്കുന്നത്.

ഇതോടൊപ്പം എംവി കരുതൽ കണ്ടെയ്നർ കപ്പൽ മാർഗവും ചരക്കു നീക്കം നടത്തുന്നുണ്ട്. കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ ചരക്കു നീക്കം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ് പരിശ്രമിച്ചാണ് ബേപ്പൂരിലേക്ക് കൂടുതൽ കണ്ടെയ്നർ കപ്പലുകൾ എത്തിക്കുന്നത്.

ആഴ്ചയിൽ കുറഞ്ഞതു മൂന്നു കണ്ടെയ്നർ കപ്പലുകളെങ്കിലും എത്തിച്ചു തുറമുഖത്തെ സജീവമാക്കാനാണ് ലക്ഷ്യമെന്നു തുറമുഖ അധികൃതർ പറഞ്ഞു. ഓൾ കേരള ടൈൽസ് ഡീലേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് ജലമാർഗം ചരക്കു ഗതാഗതമുള്ളത്.താരതമ്യേന കുറഞ്ഞ ചെലവിൽ ചരക്കു നീക്കം നടത്താനുള്ള സാധ്യതകൾ വർധിപ്പിച്ചു റോഡിലെ ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയാണ് കോസ്റ്റൽ ഷിപ്പിങ് പദ്ധതി ലക്ഷ്യമിടുന്നത്.

Post a Comment

0 Comments