താമരശ്ശേരി ചുരത്തില്‍ 'സോളാര്‍' വെളിച്ചം: ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം


കോഴിക്കോട്: രാത്രിയിൽ കൂരിരുട്ട് മൂടിക്കിടക്കുന്ന താമരശ്ശേരി ചുരം റോഡിലെ കൊടും വളവുകള്‍ ഇനി പകല്‍പോലെ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കാന്‍ സാധ്യത തെളിയുന്നു. സൗരോര്‍ജ പാനലുകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വിളക്കുകള്‍ ചുരത്തില്‍ സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടപ്പാകുന്നതോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ ഈ കാട്ടുപാതയില്‍ വെളിച്ചവിപ്ലവമാണുണ്ടാവുക. 13 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി നടപടികളുമായി മുന്നോട്ടുപോകുന്നത്. പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും ലഭിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറായി വരുന്നതേയുള്ളു. 25 വിളക്കുകളെങ്കിലും ചുരത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മാതൃഭൂമിയോട് പറഞ്ഞു. വലിയ തൂണിനുമുകളില്‍ സോളാര്‍ പാനലും വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററിയും വിളക്കും സ്ഥാപിച്ച് രാത്രി ചുരം മുഴുവന്‍ വെളിച്ചം പ്രസരിപ്പിക്കാനാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന് പദ്ധതി ഏറ്റെടുക്കാനാകും. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന് നല്‍കുകയും ചെയ്യാം. കെല്‍ട്രോണിന് നല്‍കിയാല്‍ ടെന്‍ഡര്‍ നടപടി ഒഴിവാക്കാനാവും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഒരു വിളക്കിന് സോളാര്‍ പാനലും തൂണും ബാറ്ററിയുമുള്‍പ്പെടെ ഏകദേശം 50,000 രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ് പറഞ്ഞു. ചുരം റോഡിലെ മുടിപ്പിന്‍ വളവുകള്‍ വീതികൂട്ടി നിര്‍മിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനിരിക്കുകയാണ്. ഇതിന് വനംവകുപ്പ് 0.92 ഹെക്ടര്‍ വനഭൂമി പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പുതിയ റോഡിന് അനുഗുണമായ രീതിയിലാകണം സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ഇതുസംബന്ധിച്ച പരിശോധന നടത്തിയശേഷമാകും വിളക്കുകള്‍ സ്ഥാപിക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു. നാല്‍പ്പത്തിനാല് സ്‌കൂളുകളില്‍ സോളാര്‍ വിപ്ലവം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നാല്‍പ്പത്തിനാല് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടര്‍ച്ചയായാണ് ചുരത്തിലെ സോളാര്‍വിളക്ക് പദ്ധതി തയ്യാറാക്കിയത്. സ്‌കൂളുകളില്‍ വര്‍ഷം 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. 5,80,000 യൂണിറ്റ് വൈദ്യുതി ഇതുവഴി വൈദ്യുതിബോര്‍ഡിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നരക്കോടി രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവിടുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിക്കഴിഞ്ഞു. കെ.എസ്.ഇ.ബി.യാണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരുവിലെ പെന്നാ പവര്‍ എന്ന സ്ഥാപനമാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. പാനലുകള്‍ സ്ഥാപിക്കാന്‍ ഇവര്‍ക്ക് സ്‌കൂളുകള്‍ കൈമാറിക്കഴിഞ്ഞതായി പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. നാലോ അഞ്ചോ മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും. സ്‌കൂളുകള്‍ക്കുമാത്രം വൈദ്യുതിചാര്‍ജ് ഇനത്തില്‍ വര്‍ഷം ഒന്നരക്കോടിയോളം രൂപ ജില്ലാ പഞ്ചായത്തിന് ഇപ്പോള്‍ ചെലവു വരുന്നുണ്ട്. ഇത് ഒഴിവാക്കിയെടുക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ചുരത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ചുരത്തിലെ സുരക്ഷ ഉറപ്പുവരുത്താനാണിത്. 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇതിന് തയ്യാറാക്കിയിട്ടുണ്ട്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയും സോളാര്‍ വഴി കണ്ടെത്താനാണ് ആലോചനയെന്ന് അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments