കോഴിക്കോട്: മറ്റാരുടെയെങ്കിലും കാര്‍ഡുമായി റേഷന്‍കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങാമെന്ന് ഇനി കരുതേണ്ട. ജില്ലയിലെ 971 റേഷന്‍കടകളിലും ഇ പോസ് മെഷീനുകള്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ 10 മുതല്‍ ഇവയിലൂടെയാവും റേഷന്‍വിതരണം. റേഷന്‍കടകളില്‍ ബാക്കിയുള്ള സാധനങ്ങളുടെ കണക്കുകള്‍ ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജോലികളാണിപ്പോള്‍ നടക്കുന്നത്. അതിനാല്‍ ഈ മാസത്തെ റേഷന്‍വിതരണം ഏപ്രില്‍ പത്തിനേ തുടങ്ങൂ. ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ പോസ്. റേഷന്‍കാര്‍ഡില്‍ പേരുള്ളയാളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം ആധാര്‍വഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. കാര്‍ഡ് നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ത്തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്‌ക്രീനില്‍ തെളിയും. വിരല്‍ മെഷീനില്‍ പതിക്കുന്നതോടെ ഓരോ കാര്‍ഡിനും അര്‍ഹമായ റേഷന്‍വിഹിതം, വില എന്നിവ തെളിയും. ബില്ല് ലഭിക്കുകയും ചെയ്യും. ഈ സംവിധാനം നടപ്പാകുന്നതോടെ റേഷന്‍വിതരണം പൂര്‍ണമായി സുതാര്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ 21 റേഷന്‍ കടകളില്‍ മാര്‍ച്ച് മുതല്‍ ഇ പോസ് മെഷീന്‍ വഴിയാണ് റേഷന്‍വിതരണം നടക്കുന്നത്. അത് പൂര്‍ണവിജയമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ്കുമാര്‍ പറഞ്ഞു.
കോഴിക്കോടുള്‍പ്പെടെ എട്ടു ജില്ലകളിലാണ് ഏപ്രില്‍ പത്തുമുതല്‍ ഇ പോസ് സംവിധാനം നടപ്പാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ് മറ്റു ജില്ലകള്‍. കൊല്ലം ജില്ലയില്‍ ഇത് നേരത്തേ നിലവില്‍വന്നിരുന്നു. ആന്ധ്രയിലെ വിഷന്‍ടെക് എന്ന സ്ഥാപനമാണ് ഈ യന്ത്രം രൂപകല്പന ചെയ്തത്. വൈദ്യുതി ഇല്ലാത്തിടങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പത്തുമണിക്കൂര്‍ പ്രവര്‍ത്തനശേഷിയുള്ളതാണ് ഇതിന്റെ ബാറ്ററി. അതുകൊണ്ടുതന്നെ വൈദ്യുതിത്തകരാറുകള്‍ ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ഏതു സിമ്മിലും പ്രവര്‍ത്തിക്കുമെന്നതിനാല്‍ റേഞ്ച് പ്രശ്‌നങ്ങളും ബാധിക്കില്ലെന്നാണ് വിശദീകരണം. സാങ്കേതികത്തകരാറുകള്‍ എന്തെങ്കിലുമുണ്ടായാല്‍ പരിഹരിക്കാന്‍ ഓരോ ഫര്‍ക്കയിലും വൈദഗ്ധ്യമുള്ളവരെ നിയോഗിച്ചിട്ടുണ്ട്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ഉണ്ടാകും. എല്ലാ വിവരവും തത്സമയം ഗോഡൗണില്‍നിന്ന് റേഷന്‍സാധനങ്ങള്‍ കയറ്റുന്നതുമുതലുള്ള വിവരങ്ങള്‍ തത്സമയം അറിയാനാവുമെന്നതാണ് സപ്ലൈകോ ചെയിന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പ്രത്യേകത. കടയില്‍ എത്തിക്കുന്ന സാധനങ്ങളുടെ അളവ്, ഓരോ കാര്‍ഡിലും വാങ്ങിയവയുടെ അളവ് തുടങ്ങിയവയൊക്കെ ഇതുവഴി അറിയാനാവും. അര്‍ഹരായവര്‍ക്കല്ലാതെ റേഷന്‍സാധനങ്ങള്‍ ലഭിക്കില്ലെന്നതാണ് ഇതിന്റെ ഗുണം. കടകളില്‍ ബാക്കിയുള്ള സാധനങ്ങളുടെ അളവും കൃത്യമായി അറിയാനാവും. റേഷന്‍സാധനങ്ങള്‍ ബാക്കിവരികയാണെങ്കില്‍ എ.പി.എല്‍., സംസ്ഥാനസബ്‌സിഡി വിഭാഗക്കാര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവു കൂട്ടാനാവുമെന്നാണ് പ്രതീക്ഷ. ആധാര്‍ ഇല്ലെങ്കിലോ? ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ കിട്ടില്ലെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഇ പോസ് മെഷീനില്‍ത്തന്നെയുണ്ട്. ആധാറില്ലാത്തവരുടെ കാര്യത്തില്‍, രജിസ്റ്റര്‍ചെയ്ത ഫോണില്‍ വണ്‍ ടൈം പാസ്വേഡ് കിട്ടും. അതുവഴി റേഷന്‍സാധനങ്ങള്‍ വാങ്ങാം. റേഷന്‍കടയിലെത്താനാവാത്തവര്‍ എന്തുചെയ്യും? കടയിലെത്താന്‍ കഴിയാത്ത വിധത്തില്‍ അവശരായ ഉപഭോക്താക്കള്‍ക്ക് റേഷന്‍സാധനങ്ങള്‍ നിഷേധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കടയില്‍പ്പോയി വാങ്ങാന്‍ ആരോഗ്യസ്ഥിതിയുള്ള ആരും ഇല്ലാത്ത വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഇ പോസ് പദ്ധതി നടപ്പായിക്കഴിഞ്ഞശേഷമേ ഉണ്ടാകാനിടയുള്ളൂ.
0 Comments