'കരുണ' തെരുവുനായ വന്ധ്യംകരണ പദ്ധതി: ജില്ലയില്‍ നിലച്ചു



കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടപ്പാക്കിയ 'കരുണ' തെരുവുനായ വന്ധ്യം കരണ പദ്ധതി ജില്ലയില്‍ എല്ലായിടത്തും നിലച്ചു. മാസങ്ങള്‍ക്ക് മുമ്പ് എല്ലായിടത്തും നിര്‍ത്തിയ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബാലുശ്ശേരിയില്‍ വീണ്ടും തുടങ്ങിയത്. എന്നാല്‍ നായ്ക്കള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയാക്കിയ സംഭവത്തിന്റെ തുടര്‍ച്ചയായി താത്കാലികമായി ഈ കേന്ദ്രവും അടച്ചിട്ടു. ജില്ലയില്‍ മാങ്കാവ്, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, വടകര, കുന്നുമ്മല്‍, കുന്ദമംഗലം, പുതുപ്പാടി എന്നിങ്ങനെ എട്ടിടങ്ങളില്‍ കേന്ദ്രം തുറക്കാനാണ് നേരത്തേ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചത്. പക്ഷേ, ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയ പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ മാത്രമാണ് പദ്ധതി തുടങ്ങാനായത്. ബാലുശ്ശേരിയില്‍ പ്രാദേശികമായ എതിര്‍പ്പും വെള്ളം സൗകര്യമില്ലാത്തതും കാരണം തുടങ്ങി മാസങ്ങള്‍ക്കകം പൂട്ടി. കൊയിലാണ്ടിയിലും പെട്ടെന്നുതന്നെ നിലച്ചു. പേരാമ്പ്രയിലാണ് ഒരു വര്‍ഷം കേന്ദ്രം പ്രവര്‍ത്തിച്ചത്. എന്നാല്‍ നായയെ പിടിച്ച് തിരികെ കൊണ്ടുവിടുന്ന വേളയില്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരിയില്‍ ഇവിടെയും നിര്‍ത്തി വെച്ചു. നായ്ക്കളെ തിരികെ കൊണ്ടുവിടുമ്പോള്‍ തൊഴിലാളികള്‍ മര്‍ദനമേറ്റ് ആശുപത്രിയിലായ സ്ഥിതിയാണ് പേരാമ്പ്രയിലുണ്ടാത്. പിടികൂടുന്ന സ്ഥലത്ത് തന്നെ നായ്ക്കളെ കൊണ്ടുവിടുന്നില്ലെന്ന പരാതിയായിരുന്നു നാട്ടുകാര്‍ക്ക്. ഇതോടെ പേരാമ്പ്രയില്‍ നടത്തിപ്പ് ചുമതല കരാര്‍ ഏറ്റെടുത്തിരുന്ന ആനിമല്‍ ക്രുവല്‍റ്റി ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ സ്‌ക്വാഡ് എന്ന സംഘടന പിന്‍മാറുകയായിരുന്നു. ഇതിന്റെ പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. ഇതില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലായിടത്തും പദ്ധതി സജീവമാക്കാന്‍ തീരുമാനിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. . കരുണ പദ്ധതി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ആദ്യം ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍പദ്ധതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കിയത്. ലക്ഷ്യമിട്ടതിന്റെ കാല്‍ഭാഗംപോലും നടത്താനായിട്ടില്ല. പിടികൂടുന്ന നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുകയും ആന്റി റാബിസ് കുത്തിവെപ്പ് നല്‍കുകയും ചെയ്ത് ഏതാനും ദിവസം കൂടുകളില്‍ താമസിപ്പിച്ച് തിരികെ കൊണ്ടുപോയി വിടുന്നതാണ് പദ്ധതി. ഡോക്ടര്‍ ഉള്‍പ്പെടെ കരാറുകാര്‍ തന്നെ ഏര്‍പ്പാട് ചെയ്യണം. ശസ്ത്രക്രിയ നടത്തിയ നായയുടെ എണ്ണത്തിനനുസരിച്ചാണ് കരാറുകാരുടെ പ്രതിഫലം. ചെവിയില്‍ അടയാളം പതിച്ച് പിടിച്ച സ്ഥലങ്ങളില്‍ തന്നെ തിരികെ കൊണ്ടുപോയി വിടണമെന്നാണ് വ്യവസ്ഥ. വെറ്ററിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റാണ് ഇതിനായി പരിഗണിക്കുക.

Post a Comment

0 Comments