കടലിന്റെ വശ്യസൗന്ദര്യത്തിലേക്കും നിഗൂഢതകളിലേക്കും മിഴി തുറന്ന് മേഖല ശാസ്ത്ര കേന്ദ്രംകോഴിക്കോട്:കടലിന്റെ വശ്യസൗന്ദര്യത്തിലേക്കും നിഗൂഢതകളിലേക്കും മിഴി തുറക്കുകയാണ് മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ‘ഹാൾ ഓഫ് ഓഷ്യൻ’. സമുദ്രത്തെയും അതിന്റെ രഹസ്യങ്ങളെയും തുറന്നുകാട്ടുന്ന പ്രദർശനത്തിന് ഇന്നു മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ തുടക്കമാകും. 70 ലക്ഷം രൂപ ചെലവിട്ടാണ് കടലിന്റെ രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. വേനലവധിക്കാലത്ത് ശാസ്ത്ര കൗതുകങ്ങൾ കാണാനെത്തുന്ന സന്ദർശകർക്കു കൂടുതൽ ചെലവൊന്നുമില്ലാതെ കടലറിവിന്റെ ഒരു കലവറ തന്നെയാണ് തുറക്കപ്പെടുന്നത്.

കടലിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ മാതൃകയും അത് മൽസ്യ വേട്ട നടത്തുന്നതിന്റെ പ്രവർത്തന മാതൃകയുമാണ് ഹാൾ ഓഫ് ഓഷ്യനിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുക. കടലിന്റെ ആഴങ്ങളിൽ അനായാസേന നീന്താൻ കഴിയുന്ന സ്കൂബ ഡൈവേഴ്സിന്റെ വേഷവിതാനത്തിന്റെ മാതൃകയും ഇതോടൊപ്പമുണ്ട്.കടലിലെ ചെറു ജീവികൾ മുതൽ മൽസ്യ സമ്പത്ത്, പവിഴപ്പുറ്റുകൾ, സമുദ്രാന്തർ ഭാഗത്തുനിന്നുള്ള എണ്ണ ഖനനം തുടങ്ങി കടലുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചുമുള്ള അറിവുമായിട്ടായിരിക്കും ‘ഹാൾ ഓഫ് ഓഷ്യനിൽ’ നിന്നു പുറത്തു കടക്കുക.

കടൽ ജലത്തിലെ ഉപ്പുരസത്തിന്റെ രഹസ്യമെന്ത്?, ആഴക്കടൽ ജീവികളേതെല്ലാം?, പ്രധാന കടൽപക്ഷികൾ ഏതെല്ലാം?, മറൈൻ ആർക്കിയോളജിയിൽ എന്തെല്ലാം ഉൾപ്പെടും?, എന്താണ് ചാകര?, സൂനാമി രൂപം കൊളളുന്നതെങ്ങനെ? എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളും ഈ പ്രദർശനത്തിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് ലോകത്ത് സമുദ്രജല നിരപ്പ് ശരാശരി ഏഴ് ഇഞ്ച് വർധിച്ചിട്ടുണ്ടെന്നും ഇതു വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഈ പ്രദർശനം മുന്നറിയിപ്പു നൽകുന്നു. സമുദ്രനിരപ്പുയരുന്നത് തീരദേശത്ത് ജീവിക്കുന്ന ഒട്ടേറെ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. വെള്ളപ്പൊക്കത്തിനും കര കടലിനടിയിലാകുന്നതിനും ഇതു കാരണമാകും. കണ്ടൽ വനങ്ങൾക്കും പവിഴപ്പുറ്റുകൾ‌ക്കും ഉയരുന്ന ജലനിരപ്പ് ഹാനികരമാണെന്നും ഈ പ്രദർശനം വ്യക്തമാക്കുന്നു.

എന്താണ് "കടൽചുഴി" എന്ന് വ്യക്തമാക്കുന്ന മാതൃകയും പ്രദർശനത്തിലുണ്ട്. വലിയ അളവിൽ കടൽജലം ചുഴലി പോലെ കറങ്ങുന്നത് ഒരു സിലിണ്ടറിനകത്ത് ജലം നിറച്ച് വൈദ്യുതിയുടെ സഹായത്തോടെ കാണിക്കുകയാണ്. കടലിൽ വിലപിടിപ്പുള്ള പവിഴമുത്തുകൾ എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു വെന്നതിന്റെ ഉത്തരവും ഈ പ്രദർശനത്തിലുണ്ട്. ചിപ്പികൾ‌ക്കുള്ളിൽ‌ മൃദുവായ കോശജാലങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന കാഠിന്യമുള്ള വസ്തുവാണ് പവിഴം. അതിന്റെ പുറന്തോടെന്നപോലെ പവിഴവും നിർമിക്കപ്പെട്ടിരിക്കുന്നത് കാൽസ്യം കാർബണേറ്റിനാലാണ്. ഏറ്റവും വിലയേറിയ പവിഴമുത്തുകൾ സ്വാഭാവികമായി ഉണ്ടാകുന്നവയാണെന്നും എന്നാൽ അവ വളരെ വിരളമാണെന്നും ഇന്ന് വിൽക്കപ്പെടുന്നവയിൽ ഏറിയപങ്കും ശുദ്ധജലത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണെന്നും ഇവ വ്യക്തമാക്കുന്നു. സമുദ്രപര്യവേഷണം നടത്തി എണ്ണ ഖനനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കാണാനവസരമുണ്ട്. വലിയ എണ്ണ കപ്പലുകളുപയോഗിച്ച് സമുദ്രാന്തർഭാഗത്തു നിന്നും എണ്ണ ഖനനം ചെയ്യുന്നതെങ്ങനെയാണെന്നുമെല്ലാം കാണിച്ചു തരുന്നു.

Post a Comment

0 Comments