കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പണിത ബഹുനിലകെട്ടിടം രണ്ടു വർഷമായിട്ടും തുറന്നുകൊടുത്തില്ല


കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കായി പണിത കെട്ടിടം രണ്ടു വർഷമായിട്ടും തുറന്ന് കൊടുത്തില്ല. രോഗികൾക്ക് കിടക്കാൻ ഇടമില്ലാതെയിരിക്കുന്നവസ്ഥയിലാണ് ബഹുനിലക്കെട്ടിടം നിർമിച്ചത്. രണ്ടു വർഷം മുൻപ് 19 കോടി ചെലവിൽ പണിത ആറു നിലക്കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനുളള പ്രവൃത്തിയാണ് ശേഷിക്കുന്നത്. വൈദ്യുതീകരണവും പൂർത്തിയായിട്ടില്ല. പഴയ കെട്ടിടത്തിലെ വാർഡുകളിലെ സ്ഥല പരിമിതി കാരണം രോഗികൾ വലയുകയാണ്.

ഡോക്ടർമാരും ജീവനക്കാരും തറയിൽ കിടക്കുന്നവരുടെ ഇടയിൽ ചികിൽസിക്കാൻ സാഹസപ്പെടുന്നു. പ്രതിദിനം 2500 മുതൽ 3000 രോഗികൾ താലൂക്ക് ആശുപത്രി ഒപിയിൽ എത്തുന്നുണ്ട്.ജില്ലയിൽ ഇത്രയധികം രോഗികൾ ചികിൽസതേടിയെത്തുന്ന താലൂക്ക് ആശുപത്രികൾ വേറെയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താലൂക്ക് ആശുപത്രിക്കു വേണ്ടി ആറു നിലക്കെട്ടിടം പണിതതാണ്. 19 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 3243 ചതുശ്രമീറ്ററിൽ പണിത കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണുള്ളത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ കരാർ. താഴത്തെ നിലയിൽ ഓർത്തോ, നേത്ര വിഭാഗം, എക്സറേ മുറി, സ്റ്റോർ, അത്യാഹിത വിഭാഗം, ഇലക്ട്രിക് റൂം, ഒന്നാം നിലയിൽ അനസ്തീസിയ, ഓപ്പറേഷൻ തിയറ്ററുകൾ, നിരീക്ഷണ വാർഡുകൾ, മെഡിക്കൽ സ്റ്റോർ, രണ്ടാം നിലയിൽ റിക്കോർഡ്റൂം, നഴ്സുമാരുടെ മുറി, ഐസിയു, ഡ്യൂട്ടി ഡോക്ടറുടെ മുറി, മൂന്നും നാലും നിലകളിൽ നഴ്സുമാരുടെ മുറി, പുരുഷൻമാരുടെ വാർഡ്, ഡ്യൂട്ടി ഡോക്ടറുടെ മുറി, അഞ്ചാം നിലയിൽ സ്ത്രീകളുടെ വാർഡ്, നഴ്സുമാരുടെ മുറികൾ, ആറാം നിലയിൽ ലിഫ്റ്റ് നിയന്ത്രണ മുറി, ജലസംഭരണി എന്നിവയാണ് സ്ജ്ജീകരിക്കുക. എല്ലാ നിലകളിലും ശുചിമുറികളും ഉണ്ടാകും.

ആശുപത്രിക്കെട്ടിടം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ 17 നാൾ നീണ്ട സത്യഗ്രഹത്തിനൊടുവിൽ മാർച്ചിൽ തുറക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിരുന്നു. അതേ സമയം കെട്ടിടം തുറക്കാനാവശ്യമായ നടപടികളൊന്നും മുന്നോട്ട് നീങ്ങിയിട്ടില്ല.

Post a Comment

0 Comments