പേരാമ്പ്ര ബൈപ്പാസ്: സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു

Photo:Prilith kavil

കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസ് നിര്‍മാണത്തിന് സംയുക്ത സംഘം നടത്തിയ സര്‍വേ പൂര്‍ത്തിയായി. റവന്യൂ, പി.ഡബ്ല്യു.ഡി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സര്‍വേ റിപ്പോര്‍ട്ട് കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ബൈപ്പാസ് നിര്‍മാണം വേഗത്തിലാക്കാനായി മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗ തീരുമാന പ്രകാരമാണ് സംയുക്ത സര്‍വേ നടത്തിയത്. നേരത്തെ നിശ്ചയിച്ച പാത റൂട്ടില്‍ നിന്ന് നാലിടത്ത് ചില മാറ്റങ്ങള്‍ പുതിയ സര്‍വേയില്‍ വരുത്തിയിട്ടുണ്ട്. കല്ലോട് ഭാഗത്ത് പെട്രോള്‍ പമ്പിന് സമീപത്ത് സംസ്ഥാന പാതയിലേക്ക് എത്തുന്നതിന് പകരം എല്‍.ഐ.സി. ഓഫീസിന് പിന്‍ഭാഗത്ത് കൂടിയാണ് പ്രധാന പാതയിലേക്ക് എത്തുന്നത്. ഈ ഭാഗത്തെ വളവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്ന് അധികൃതര്‍ പറഞ്ഞു. ചെമ്പ്ര റോഡ് കവലയ്ക്ക് സമീപവും മറ്റ് രണ്ടിടത്തുമാണ് സമാനമായ മാറ്റം വരുത്തിയത്. വീടുകള്‍ക്ക് അപായ ഭീഷണി ഒഴിവാക്കാനാണ് ഒരിടത്ത് മാറ്റം വരുത്തിയത്. സര്‍വേ നടത്തിയ ഭാഗത്തെ കല്ലിടല്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വില നിശ്ചയിച്ച് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും. 15 മീറ്റര്‍ വീതിയില്‍ നേരത്തെ സ്ഥലം അളന്ന് അതിര്‍ത്തിയില്‍ കല്ലുകള്‍ സ്ഥാപിക്കുകയും കഴിഞ്ഞ വര്‍ഷം ആദ്യം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ 12 മീറ്ററായി വീതി കുറച്ചാണ് സ്ഥലമെടുക്കുന്നത്. സംസ്ഥാന പാതയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപത്ത് നിന്ന് തുടങ്ങി കല്ലോട് എല്‍.ഐ.സിക്ക് സമീപം എത്തുന്ന വിധത്തില്‍ 2.78 കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് വരുന്നത്. നൂറിലധികം പേരുടെ സ്ഥലം ബൈപ്പാസിനായി ഏറ്റെടുക്കണം. മൂന്ന് വീടുകള്‍ സ്ഥലത്തില്‍ ഉള്‍പ്പെടും. സ്ഥലമെടുപ്പിനായി 40.86 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 68 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബിയില്‍ അംഗീകാരം ലഭിച്ചത്. 2008-ലാണ് ബൈപ്പാസ് പദ്ധതിക്ക് രൂപം നല്‍കിയതെങ്കിലും സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പ്ലാനില്‍ മാറ്റം വരുത്തേണ്ടി വന്നു. ഇതാണ് നിര്‍മാണം നീണ്ടുപോകാനിടയാക്കിയത്.

Post a Comment

0 Comments