നഗരപാതാ വികസനം രണ്ടാം ഘട്ടം: ഡിപിആർ പിഡബ്ല്യുഡി തന്നെ തയ്യാറാക്കും

ഓന്നാം ഘട്ടത്തിൽ വികസിപ്പിച്ച കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ്


കോഴിക്കോട്:നഗരപാതാ വികസനം രണ്ടാംഘട്ടത്തിന്റെ നടപടികൾക്കു വീണ്ടും ജീവൻ വയ്ക്കുന്നു. നഗരത്തിലെ 11 പാതകൾ ഉൾപ്പെടുന്ന പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ സ്വന്തം ഡിസൈൻ വിഭാഗത്തെ ചുമതലപ്പെടുത്തി. എത്രയും വേഗം ഡിപിആർ തയാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. ഡിപിആർ തയാറാക്കാനായി സ്വകാര്യ ഏജൻസികൾക്കു പകരം പിഡബ്ല്യുഡി ഡിസൈൻ, റിസർച്, ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ വിങ്ങിനെ (ഡ്രിക്) ചുമതലപ്പെടുത്തുന്നതിലൂടെ നടപടി ക്രമങ്ങൾ വൻതോതിൽ ലഘൂകരിക്കാനും ചെലവു കുറയ്ക്കാനുമാകും. ഡിസൈൻ വിങ്ങിന്റെ കോഴിക്കോട്ടുള്ള ഓഫിസിൽനിന്നായിരിക്കും പ്രവർത്തനങ്ങളുടെ ഏകോപനം.

പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ സർക്കാർ ഏജൻസിയായ നാറ്റ്പാക്കിനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മൊത്തം 35.265 കിലോമീറ്റർ ദൂരം ഉൾപ്പെടുന്നതാണു പദ്ധതി. ഏഴുകിലോമീറ്റർ വരുന്ന മാനാഞ്ചിറ – പാവങ്ങാട് റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നതും ഗാന്ധിറോഡിനെ സിഡബ്ല്യുആർഡിഎം– പനാത്തുതാഴം റോഡുമായി ബന്ധിപ്പിക്കുന്ന മേൽപാലവും റോഡും നിർമിക്കുന്നതുമാണ് ഇതിൽ പ്രധാന പദ്ധതികൾ.

മറ്റു റോഡുകൾ
പുതിയങ്ങാടി –തണ്ണീർപന്തൽ,
കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി,
ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം, മൂഴിക്കൽ – കാളാണ്ടിത്താഴം,
മാങ്കാവ്– പൊക്കുന്ന്– പന്തീരാങ്കാവ്,
കല്ലുത്താൻകടവ് – മീഞ്ചന്ത, കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം,
കോതിപ്പാലം –പയ്യാനക്കൽ– പന്നിയങ്കര മേൽപാലം,
സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം.

Post a Comment

0 Comments