മിഠായി തെരുവിൽ സ്​ട്രീറ്റ്​ മാനേജർ, തൊണ്ടയാട്​ പഞ്ചിങ്​ സ്​റ്റേഷൻ;കോർപ്പറേഷൻ കൗൺസിൽ യോഗ തീരുമാനം



കോഴിക്കോട്: മിഠായി തെരുവിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ സ്ട്രീറ്റ് മാനേജരെ നിയമിക്കാനും അടിക്കടി അപകടമുണ്ടാവുന്ന മെഡിക്കൽ കോളജ് റൂട്ടിൽ പഞ്ചിങ് സ്റ്റേഷൻ സ്ഥാപിക്കാനുമുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികൾ ക്ലാമ്പിട്ട് പൂട്ടും. സ്ട്രീറ്റ് മാനേജർക്കും പൊലീസ് ഉദ്യോഗസ്ഥനും വേണ്ടി മിഠായി തെരുവ് എസ്.കെ. പൊെറ്റക്കാട്ട് പ്രതിമക്ക് സമീപം ബൂത്ത് നിർമിക്കും. ഭിന്നശേഷിക്കാർക്ക് തെരുവിൽ മുച്ചക്ര വാഹനം ഏർപ്പെടുത്തും. ഇപ്പോൾ സർവിസ് നടത്തുന്ന ബഗ്ഗീസിൽ ഭിന്ന ശേഷിക്കാർക്ക് സൗജന്യയാത്രയും അനുവദിക്കും. അനധികൃത പരസ്യബോർഡുകൾ നീക്കാനും കച്ചവടക്കാരെ ഒഴിപ്പിക്കാനും പൊലീസുമായി ചേർന്ന് സംയുക്തപരിശോധന നടത്തും. തൊണ്ടയാട് പഞ്ചിങ് സ്റ്റേഷൻ പണിയാൻ ആർ.ടി.ഒയെ ചുമതലപ്പെടുത്താനും അവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കാനും അനുമതി നൽകി. ലോറി പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കോയ റോഡിലെ സ്വകാര്യസ്ഥലവും മീഞ്ചന്ത ബസ്സ്റ്റാൻഡ് നിർമിക്കാനുള്ള സ്ഥലവും ഉപയോഗിക്കും. മീഞ്ചന്തയിൽ ബസ്സ്റ്റാൻഡ് നിർമാണം തടസ്സപ്പെടുമെന്നതിനാൽ അവിടത്തെ ലോറി പാർക്കിങ് നീക്കം ഒഴിവാക്കണമെന്ന ബി.ജെ.പി നേതാവ് നമ്പിടി നാരായണ​െൻറ വിയോജിപ്പോടെയാണ് തീരുമാനം കൗൺസിൽ അംഗീകരിച്ചത്. കോഴിക്കോടിനെ കേരളത്തിലെ ആദ്യ ഡിജിറ്റൽ നഗരമാക്കാനായി മൊെബെൽ ഡാറ്റ കുറഞ്ഞ സ്ഥലങ്ങളിൽ 25 മീറ്റർ വരെ ഉയരമുള്ള ഹൈമാസ്റ്റ്പോൾ സ്ഥാപിക്കാൻ താൽപര്യ പത്രം പുതിയ നിബന്ധനകളോടെ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു. സിറ്റി സാനിറ്റേഷൻ കരട് പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. മീഞ്ചന്ത മേൽപാലത്തിന് താഴെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പ്രദേശത്തെ വയോജനങ്ങൾക്ക് കൂടി ഉപകാരപ്പെടും വിധം സൗഹൃദ സദനം പണിയാൻ അനുമതി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. നജ്മയുടെ പ്രമേയം ഐക്യകണ്യേന അംഗീകരിക്കുകയായിരുന്നു. നഗരസഭയിൽ വിവിധ പ്രവൃത്തികൾ നടത്തിയ ഇനത്തിൽ 26 കോടിയുടെ 155 ബില്ലുകൾ ട്രഷറിയിൽ നിന്ന് മടങ്ങിയതായി പൊറ്റങ്ങാടി കിഷൻ ചന്ദ്, കെ.ടി. ബീരാൻ കോയ എന്നിവർ ശ്രദ്ധക്ഷണിച്ചു. തങ്ങളുടെ സർക്കാറല്ലായിരുെന്നങ്കിൽ ഇക്കാര്യത്തിൽ ഇടതുപക്ഷം വൻ പ്രതിഷേധമുയർത്തിയേനെയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കെ. നജ്മ, നവ്യ ഹരിദാസ്, കെ.കെ. റഫീഖ്, കെ.സി. ശോഭിത, എം. കുഞ്ഞാമുട്ടി എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായത്തിനുള്ള വരുമാനപരിധി ലക്ഷം രൂപയായി ഉയർത്തണമെന്ന സൗഫിയ അനീഷി​ന്റെ പ്രമേയവും അംഗീകരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീരാ ദർശക് എന്നിവർ യോഗം നിയന്ത്രിച്ചു.

Post a Comment

0 Comments