താമരശ്ശേരി താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിന്റെ ഉദ്ഘാടനം മേയ് ഒന്നിന്
കോഴിക്കോട്: താമരശ്ശേരി താലൂക്കാശുപത്രിയിൽ അത്യാഹിതവിഭാഗത്തിന് നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ആസ്​പത്രിക്ക് പുതിയ മുഖച്ഛായ നല്‍കി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി. ആസ്​പത്രിയുടെ ഏറ്റവും മുന്നിലായി നിര്‍മിച്ച കെട്ടിടത്തില്‍ അത്യാഹിതവിഭാഗവും ഏതാനും ഒ.പി.കളും പ്രവര്‍ത്തിപ്പിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രവര്‍ത്തനം തുടങ്ങിയ ആസ്​പത്രിയുടെ പഴയ കെട്ടിടം പൊളിച്ച് 1.05 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മുന്‍ എം.എല്‍.എ. വി.എം. ഉമ്മറിന്റെ മണ്ഡലം ആസ്തിവികസനഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അത്യാഹിതവിഭാഗവും ജീവിതശൈലീരോഗത്തിന്റേതുള്‍പ്പെടെ മൂന്ന് ഒ.പി.കളുമാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന് അസ്​പത്രി സൂപ്രണ്ട് ഡോ.എം. കേശവനുണ്ണി പറഞ്ഞു. നിരീക്ഷണമുറി, ഓപ്പറേഷന്‍ തിയേറ്റര്‍, എക്‌സ് റേ മുറി എന്നിവയും പ്രവര്‍ത്തിപ്പിക്കും. രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലവും ഇരിപ്പിടങ്ങളും സജ്ജീകരിക്കും. എട്ട് ശുചിമുറികളും കെട്ടിടത്തില്‍ നിര്‍മിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. വൈദ്യുതീകരണജോലികള്‍ തീരാത്തതായിരുന്നു പ്രവര്‍ത്തിപ്പിക്കുന്നത് വൈകാന്‍ കാരണം. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൂന്നര ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തിയാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ പത്ത് ലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറുകള്‍ പുതിയ കെട്ടിടത്തിലേക്ക് വാങ്ങിയിട്ടുണ്ട്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ആദ്യനിലയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മുകള്‍നിലയിലാണ് ഒ.പി.കള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. ഇപ്പോള്‍ ഒ.പി.കള്‍ പ്രവര്‍ത്തിപ്പിക്കുന്നിടത്ത് അസൗകര്യമുള്ളതിനാലാണ് തത്കാലം പുതിയ കെട്ടിടത്തിലേക്ക് ചില ഒ.പി.കള്‍ മാറ്റുന്നത്. പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണവും ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനവും മേയ് ഒന്നിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.

Post a Comment

0 Comments