കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ഇനി ഇക്കോ ടൂറിസം കേന്ദ്രം


കോഴിക്കോട്:സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസർവായ കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഒന്നു മുതൽ കമ്യൂണിറ്റി റിസർവിൽ ഇക്കോ ടൂറിസം പ്രവർത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസർവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. 

ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാർഗം വർധിപ്പിക്കുകയെന്ന റിസർവ് മാനേജ്മെന്റ് പ്ലാൻ ആശയം യാഥാർഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടൽക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസർവിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്.

രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികൾക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയിൽ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

റിസർവ് ഓഫിസ് പരിസരത്തു നിന്നു റെയിൽവേ പാലത്തിനു അടിയിലൂടെ കണ്ടൽക്കാടുകൾ ചുറ്റിയാണ് തോണിയാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാൻ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. കടലും പുഴയും സംഗമിക്കുന്ന അഴിമുഖം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

യാത്രയ്ക്കിടെ ഒൻപത് ഇനം കണ്ടലുകൾ കാണാനാകും. രണ്ടു റെയിൽവേ പാലങ്ങളടക്കം ഒൻപതു പാലങ്ങളും കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട നാലു തുരുത്തുകളും ഇവിടെയുണ്ട്. സീസണിൽ വിവിധയിനം ദേശാടന പക്ഷികളെയും കാണാനാകും. സഞ്ചാരികൾക്കു റിസർവിനെ പരിചയപ്പെടുത്താൻ വനംവകുപ്പ് വാച്ചർമാരുടെ സേവനവുമുണ്ട്.

സ്വകാര്യ സംരംഭങ്ങളായി ടൂറിസം ബോട്ട് സർവീസുകൾ, ഹോംസ്റ്റേ, നാടൻ ഭക്ഷണശാല എന്നിവയും കടലുണ്ടിയിലുണ്ട്. ജലായനം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ കമ്യൂണിറ്റി റിസർവിൽ വാച്ച് ടവർ നിർമിക്കുന്നുണ്ട്. ഡിടിപിസിയും പഞ്ചായത്തും മറ്റു ചില വിനോദ സഞ്ചാര പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

ജനകീയ പ്രകൃതി സംരക്ഷണ മേഖലയെന്ന വലിയ ആശയമാണ് കമ്യൂണിറ്റി റിസർവ്. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ 153.84 ഹെക്ടർ പ്രദേശമാണ് ജനപങ്കാളിത്ത ജൈവ വൈവിധ്യ സംരക്ഷണ മേഖലയിലുള്ളത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലും 200 മീറ്ററിനകത്തുള്ള പ്രകൃതി സമ്പത്തും, ജീവജാലങ്ങളും, പ്രദേശവാസികളുടെ പരമ്പരാഗത തൊഴിലും ഈ വ്യവസ്ഥിതിക്കു കീഴിൽ സംരക്ഷിക്കും.

വിനോദ സഞ്ചാര മേഖലക്കും, പരിസ്ഥിതി പഠനത്തിനും അനന്ത സാധ്യതകൾ തുറന്നിട്ടിരിക്കുന്ന കമ്യൂണിറ്റി റിസർവിനെ ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതു കടലുണ്ടിയുടെ ടൂറിസം മേഖലയ്ക്കു പുതിയ പ്രതീക്ഷയേകുകയാണ്. ഫോൺ: 8547602825.

Post a Comment

0 Comments