മാനാഞ്ചിറ സ്‌ക്വയർ രാവിലെ മുതൽ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു



കോഴിക്കോട്‌: പ്രഭാതസവാരി നടത്താനും, കലാ-സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുമായി മാനാഞ്ചിറ സ്‌ക്വയർ രാവിലെ മുതൽ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. മിഠായിത്തെരുവിലെക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന രീതിയില്‍ എസ്‌.കെ. സ്‌ക്വയറില്‍ പരിപാടികള്‍ നടത്തുന്നത്‌ അനുവദിക്കാനാവില്ലെന്ന്‌ കഴിഞ്ഞ തവണ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ കലക്‌ടര്‍ യു.വി. ജോസ്‌ എസ്‌.കെ. സ്‌ക്വയറില്‍ സാംസ്‌കാരിക സംഗമങ്ങള്‍ അടക്കം നിരോധിച്ചു കൊണ്ട്‌ ഉത്തരവിറക്കിയത്‌. ഇതോടെ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ മാനാഞ്ചിറ മൈതാനം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്‌.പൈതൃകത്തെരുവാക്കി മിഠായിത്തെരുവ്‌ നവീകരിച്ച ശേഷം ചെറുതും വലുതുമായ കലാ സാംസ്‌കാരിക പരിപാടികളും നടക്കുന്നത്‌ എസ്‌.കെ സ്‌ക്വയറിലായിരുന്നു.


സാംസ്‌കാരിക സംഗമങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും മാനാഞ്ചിറ മൈതാനം വിട്ടുകിട്ടല്‍ അനിവാര്യമാണ്‌. എന്നാല്‍ നിലവില്‍ മൈതാനവും പാര്‍ക്കുമെല്ലാം ഉച്ചയ്‌ക്ക് 3 ന്‌ ശേഷമല്ലാതെ തുറന്നു കൊടുക്കുന്നില്ല. ഇത്‌ നഗരത്തില്‍ സമയം ചിലവഴിക്കാന്‍ വരുന്നവരെ കൂടുതലും മിഠായിതെരുവിലേക്ക്‌ നയിക്കുന്നു. കടുത്ത വേനലില്‍ വെയില്‍ മങ്ങാതെ ബീച്ചില്‍ പോകാന്‍ ആരും തയ്ാറാവുയകയില്ല.
എന്നാല്‍ തന്നെ സരോവരം ബീച്ചിലേക്ക്‌ പോകാന്‍ കുടുംബങ്ങളുമായും ഒറ്റക്ക്‌ വരുന്നവരും തയ്യാറല്ല. കാരണം മറ്റൊന്നുമല്ല, സരോവരം പാര്‍ക്ക്‌ തുടക്കം മുതലെ കമിതാക്കളുടെ വിഹാര കേന്ദ്രമാണ്‌. മിഠായിത്തെരുവില്‍ ഇരിപ്പിടം തയ്യാറായതോടെ രാവിലെ മുതല്‍ നിരവധി പേരാണ്‌ ഇവിടെയെത്തുന്നത്‌. രാവിലെ മുതല്‍ തന്നെ മാനാഞ്ചിറ മൈതാനം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയാണെങ്കില്‍ മിഠായിതെരുവിലെ അനാവശ്യമായ തിരക്കിനും കുറവുണ്ടാകും.

സമരങ്ങള്‍ കൊണ്ടും സാംസ്‌കാരിക സംഗമങ്ങള്‍ കൊണ്ടും എന്നും സജീവമാകുന്ന നഗരത്തിന്‌ ഒരു സ്‌ഥിരം വേദി അനിവാര്യമാണ്‌. മാനാഞ്ചിറ മൈതാനത്തിന്‌ അകത്ത്‌ തന്നെ ഒരു വേദി സജ്‌ജമായാല്‍ അത്‌ വലിയൊരു അനുഗ്രഹമാകും. സാധാരണ മിക്ക പരിപാടികളും എസ്‌.കെ. സ്‌ക്വയറിലും ലൈബ്രറി ജങ്‌ഷനിലുമാണ്‌ നടക്കാറുളളത്‌.ഇത്‌ പലപ്പോഴും കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത കുരുക്കിനും മിഠായി തെരുവിലേക്കുളള പ്രവേശന കവാടം തടസ്സപ്പെടാനും കാരണമാകാറുണ്ട്‌. അമൃത്‌ പദ്ധതിയിലുള്‍പ്പെടുത്തി മാനാഞ്ചിറ നവീകരിക്കാന്‍ തയ്യാറെടുത്ത്‌ നില്‍ക്കുമ്ബോള്‍ മൈതാനിയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താനായി ഓപ്പണ്‍ സ്‌റ്റേജ്‌ നിര്‍മ്മിക്കുമെന്നാണ്‌ കോര്‍പ്പറേഷന്‍ പറയുന്നത്‌. മാനാഞ്ചിറ മൈതാനത്തിനകത്തേക്ക്‌ പരിപാടികള്‍ വന്നാല്‍ അത്‌ യാത്രക്കാരെയും കച്ചവടക്കാരെയും ബാധിക്കുകയുമില്ല.നിരോധനം ഉറപ്പുവരുത്താന്‍ പോലീസിന്റെയും കോഴിക്കോട്‌ കോര്‍പറേഷന്‍ അധികൃതരുടെയും ഏകോപനം ഉറപ്പുവരുത്തണം. അതേസമയം ചെറിയ കലാസാംസ്‌കാരിക പരിപാടികള്‍ നഗരസഭാ അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രം ഇവിടെ സംഘടിപ്പിക്കാമെന്നും കളക്‌ടര്‍ ഉത്തരവില്‍ വ്യക്‌തമാക്കുന്നു.

Post a Comment

0 Comments