അരീക്കരക്കുന്ന് ബി.എസ്.എഫ്. കേന്ദ്രം ഡി.ഐ.ജി. സന്ദര്‍ശിച്ചു

അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ പണി പൂര്‍ത്തിയായ കെട്ടിടങ്ങളിലൊന്ന്

കോഴിക്കോട്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അരീക്കരക്കുന്ന് ബി.എസ്.എഫ്. കേന്ദ്രം ഡി.ഐ.ജി. സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകീട്ടോടെ ബി.എസ്.എഫ്. ഡി.ഐ.ജി. ആര്‍.കെ. സിങ്, കമാന്‍ഡന്റ് എം.എ. ജോയി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാന കേന്ദ്രമാകാന്‍ ഒരുങ്ങുന്ന അരീക്കരക്കുന്നില്‍ എത്തിയ സംഘം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സി.പി.ഡബ്ല്യൂ. ഉദ്യോഗസ്ഥരുമായി രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചനടത്തി. പുതിയ കമ്പനി സേന വരുന്നതിന്റെ മുന്നോടിയാണ് ഡി.ഐ.ജി. സ്ഥലം സന്ദര്‍ശിച്ചത്. ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ 55 ഏക്കറോളം വരുന്ന ഭൂമിയിലാണ് ബി.എസ്.എഫ്. കേന്ദ്രത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ആയിരത്തില്പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജവാന്‍മാര്‍ക്കുള്ള ബാരക്‌സുകള്‍, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റുകള്‍, ക്വാട്ടേഴ്‌സുകള്‍, ആയുധപ്പുര, ബാങ്ക്, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ട്രൈഡ്‌സ്മാന്‍ ഷോപ്പ്, കോണ്‍ഫറന്‍സ് ഹാള്‍, വാഹന ഗാരേജുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ബി.എസ്.എഫ്. കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും നിര്‍മാണം ബാക്കിയാണ്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടങ്കിന്റെയും ക്യാമ്പിനകത്തെ റോഡുനിര്‍മാണവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2011-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ സമയത്താണ് അരീക്കരക്കുന്നില്‍ ബി.എസ്.എഫ്. കേന്ദ്രം അനുവദിച്ചത്. 200 കോടിയുടെ പദ്ധതിയായിരുന്നു തുടക്കത്തില്‍ വിഭാവനംചെയ്തത്. ആദ്യഘട്ടമെന്ന നിലയില്‍ 80 കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 60 കോടിയോളം രൂപ ഇതിനോടകം വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. സി.പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 80 ശതമാനത്തോളം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും ജലലഭ്യത ഗുരുതരപ്രശ്‌നമായി തുടരുകയാണ്. സേനാ കേന്ദ്രത്തിന് താഴെയായി കായലോട്ട് താഴെ പുഴയോരത്ത് സ്ഥലംവാങ്ങി കിണര്‍ കുഴിച്ചിരുന്നു. എന്നാല്‍ ക്യാമ്പിലേക്കാവശ്യമായ കുടിവെള്ളത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെനിന്നും ലഭിക്കുന്നുള്ളൂ. നാല് കുഴല്‍ക്കിണറുകള്‍ പദ്ധതിപ്രദേശത്ത് കുഴിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതേത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍. കുന്നുമ്മല്‍ കുടിവെള്ളപദ്ധതിയില്‍നിന്നോ മറ്റ് പദ്ധതികളില്‍നിന്നോ ജലം എത്തിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. ഒന്നരവര്‍ഷത്തോളമായി അമ്പതില്‍ താഴെ സൈനികര്‍ മാത്രമാണ് ക്യാമ്പിലുള്ളത്.

മഴക്കാലത്ത് ആവശ്യമായ ജലം ലഭിക്കുമെന്നതിനാല്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ സൈനികര്‍ ക്യാമ്പിലെത്തും. 2016-ല്‍ പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായ സമയത്തുമാത്രമാണ് ഇവിടെ കൂടുതല്‍ സൈനികരെത്തിയത്. അന്ന് ഒരു കമ്പനിസേന വന്നിരുന്നെങ്കിലും ഏറെകഴിയും മുമ്പ് തിരിച്ചുപോയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനംചെയ്ത മെഡിസിറ്റിയുടെ കാര്യവും എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ ബി.എസ്.എഫ്. കേന്ദ്രം ഉടന്‍ ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് സി.പി.ഡബ്ല്യു. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments