ചുരം റോപ് വേ പദ്ധതി; റിപ്പോര്‍ട്ട് ജൂണില്‍ സർക്കാറിൻ സമര്‍പ്പിക്കും


കോഴിക്കോട്: വയനാട് ചുരം (താമരശ്ശേരി ചുരം) യാത്ര സുഗമമാക്കുന്ന റോപ് വേ (കേബിള്‍ കാര്‍) പദ്ധതിയുടെ റിപ്പോര്‍ട്ട് ജൂണ്‍ ആദ്യവാരം സമര്‍പ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് പദ്ധതി. അടിവാരംമുതല്‍ വയനാട് ലക്കിടിവരെയുള്ള പദ്ധതിക്ക് 70 കോടിയോളം രൂപയാണ് ചെലവ്. ദാമോദര്‍ റോപ് വേ ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കൊല്‍ക്കത്ത കമ്പനിക്കായിരിക്കും നിര്‍മാണ ചുമതല. വയനാട് ചുരം യാത്ര 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. ഇതോടെ യാത്രാദൂരം 3.6 കിലാമീറ്ററായി ചുരുങ്ങും. ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കാബിനുകളാണ് കേബിള്‍ കാറില്‍ ഒരുക്കുന്നത്. 45 മുതല്‍ 50 വരെ കാബിനുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. മണിക്കൂറില്‍ 400 പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എം.ഐ. ഷാനവാസ് എം.പി., എം.എല്‍.എ.മാരായ സി.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജന. സെക്രട്ടറി ഇ.പി. മോഹന്‍ദാസ്, എന്നിവരും വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments