കടലുണ്ടിയിൽ പുതിയ പാലം വേണമെന്നാവശ്യം ശക്തമാവുന്നു



കോഴിക്കോട്:ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന് ഉണർവേകാൻ കടലുണ്ടിപ്പുഴയ്ക്കു കുറുകെ പുതിയ റോഡു പാലത്തിനു മുറവിളി. കടലുണ്ടി ഒന്നാം റെയിൽപാലത്തിനു സമീപത്തു നിന്നു ബാലാതിരുത്തി മാടതിരുത്തിയിലേക്ക് വാഹന ഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം സൂചിപ്പിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് അംഗം പട്ടയിൽ ബാബുരാജ് മരാമത്ത്–ധന–ഫിഷറീസ്–വനം മന്ത്രിമാർക്കും വള്ളിക്കുന്ന്–ബേപ്പൂർ എംഎൽഎമാർക്കും നിവേദനം നൽകി. കമ്യൂണിറ്റി റിസർവിലെ മർമ പ്രധാന മേഖലയാണ് ബാലാതിരുത്തി. മൂന്നു ചെറുദ്വീപുകളടങ്ങിയ തുരുത്തിൽ പ്രകൃതി രമണീയമായ ഒട്ടേറെ കാഴ്ചകളുണ്ട്. എന്നാൽ ഇവിടേയ്ക്ക് എത്താൻ വാഹന ഗതാഗത മാർഗം അപര്യപ്തമാണ്. ആനയാറങ്ങാടി വഴിയുള്ള വെന്റ് പൈപ്പ് പാലം മാത്രമാണ് ബാലാതുരുത്തിക്കുള്ള ഏകസഞ്ചാര മാർഗം. കടലുണ്ടിയിൽ റോഡു പാലം നിർമിച്ചാൽ വിനോദ സഞ്ചാര രംഗത്തെ മുന്നേറ്റത്തിനൊപ്പം ബാലാതിരുത്തിയുടെ സമഗ്ര വികസനത്തിനും മുതൽക്കൂട്ടാകും.


തുരുത്ത് സ്ഥിതി ചെയ്യുന്നതു മലപ്പുറം ജില്ലയിലാണെങ്കിലും ദ്വീപിലെ 143 കുടുംബങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതു കടലുണ്ടിയെയാണ്. നിലവിൽ റെയിൽപാലത്തിനു സമീപത്തെ നടപ്പാലത്തിലൂടെയാണ് തുരുത്തുകാരുടെ കടലുണ്ടിയിലേക്കുള്ള സഞ്ചാരം. കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകളേറെയും ബാലാതിരുത്തി മേഖലയിലാണ്. കമ്യൂണിറ്റി റിസർവിൽ എത്തുന്ന സഞ്ചാരികൾ റെയിൽപാലത്തിന്റെ നടപ്പാതയിലൂടെ സഞ്ചരിച്ചു ഏറെ പ്രയാസപ്പെട്ടാണ് കണ്ടൽക്കാടുകളും മറ്റും കാണാൻ പോകുന്നത്. പുതിയ പാലം നിർമിച്ചാൽ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ സൗകര്യമാകും. ഒപ്പം ബാലാതിരുത്തി നിവാസികളുടെ യാത്രാ ദുരിതവും അകറ്റാനാകും. ഹാർബർ എൻജിനീയറിങ് വകുപ്പ് ഫണ്ടിൽ 97.20 ലക്ഷം രൂപ ചെലവിട്ടു ബാലാതിരുത്തി വെന്റ് പൈപ്പ് പാലം അപ്രോച്ച് റോഡ് പൂർത്തീകരിക്കുന്നതിനു നടപടിയായിട്ടുണ്ട്. റോഡ് ഒരുങ്ങിയാൽ ഇതുവഴി വാഹനങ്ങൾക്കു മാടതിരുത്തി വരെ എത്തിചേരാനാകും. കടലുണ്ടിയിൽ നിന്നു ബോട്ട് ജെട്ടി റോഡിലൂടെയും പുഴയോരത്തേക്കു ഗതാഗത മാർഗമുണ്ട്.

പാലം നിർമിച്ചാൽ വള്ളിക്കുന്ന്–കടലുണ്ടി പഞ്ചായത്ത് നിവാസികൾക്കും സഞ്ചാരികൾക്കും ഏറെ അനുഗ്രഹമാകും. എന്നാൽ കടലുണ്ടി ചെറിയതിരുത്തിയെയും സിപി തിരുത്തിയെയും ബന്ധിപ്പിച്ചു പാലം നിർമിക്കുകയാണെങ്കിൽ കടലുണ്ടിയിൽ യാത്രാ സൗകര്യം വിപുലപ്പെടുത്താനാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments