കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാൻ എല്ലാ വില്ലേജുകളിലും ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ പ്രത്യേക പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി വില്ലേജ് തലത്തില്‍ എമര്‍ജന്‍സി റെസ്പോൺസ് ടീമും രൂപീകരിക്കാന്‍ തീരുമാനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ കോഴിക്കോട് താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
റോഡരികിൽ അപകടകരമായ രീതിയുളള മരങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കു ഹോട്ടലുകള്‍, വഴിയോരക്കച്ചവടങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാനും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്കി.
അടുത്തിടെ നഗരത്തില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അനധികൃത മണ്ണെടുപ്പ് തടയാനുളള നടപടി കര്‍ശനമാക്കാനും തീരുമാനിച്ചു. ദുരന്തം സംഭവിച്ചാൽ 100, 101,1077 എന്നീ ഫോൺ നമ്പറുകളില്‍ ബന്ധപ്പെടാൻ നിര്‍ദേശം നല്കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്, അഡീഷണൽ തഹസില്‍ദാര്‍ ഇ. . അനിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments