ഫറോക്ക് റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ

റെയിൽവേ മേൽപ്പാലം നിർമാണം വി കെ സി മമ്മദ് കോയ എംഎൽഎ പരിശോധിക്കുന്നു


കോഴിക്കോട്:ഫറോക്ക് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു.  ഉരുക്ക് ഗാഡറുകൾ സ്ഥാപിക്കുന്നതിന‌്  കൂറ്റൻ ക്രെയിൻ കൊണ്ടുവരുന്നതിനുള്ള റോഡ് സൗകര്യമൊരുക്കാൻ  മൂന്ന‌് വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി.19 കോടി രൂപ ചെലവിട്ടാണ് എളയടത്ത്കുന്നിൽ റെയിൽവേ ലൈനിന് കുറുകെ മേൽപ്പാലം നിർമിക്കുന്നത്. പുതിയ അപ്രോച്ച് റോഡിന‌് 30 കോടി രൂപയുടെ പദ്ധതിയുണ്ട്. ഫറോക്ക് കടലുണ്ടി റോഡിനേയും കരുവൻതിരുത്തി റോഡിനേയും ബന്ധിപ്പിക്കുന്ന മേൽപ്പാലം വരുന്നതോടെ ഫറോക്കിലെ യാത്രാ സംവിധാന രംഗത്ത്  വലിയ മാറ്റമുണ്ടാകും.  പ്രധാന രണ്ടു തൂണുകളിൽ ഒരെണ്ണം നേരത്തെ പൂർത്തിയായി, രണ്ടാമത്തേതിന്റെ മുകൾഭാഗത്തെ അവസാനവട്ട പ്രവൃത്തി നടന്നുവരികയാണ്. അടുത്ത ദിവസം കോൺക്രീറ്റ് നടക്കും. തുടർന്ന് റെയിലിന്റെ പടിഞ്ഞാറും കിഴക്കും സൈഡിലുള്ള രണ്ട‌് കാലുകളെ ബന്ധിപ്പിച്ച് അഞ്ച് നീളൻ ഉരുക്ക് ഗാഡറുകൾ സ്ഥാപിച്ചാൽ ഇതിനു മുകളിൽ കോൺക്രീറ്റ് ചെയ്താൽ മേൽ പ്പാലമാകും. ഇതിനായി ടൺ കണക്കിന് ഭാരമുള്ള ഗാഡർ പൊക്കിയെടുത്ത് മുകളിൽ സ്ഥാപിക്കൽ ഏറെ ശ്രമകരമായ ജോലിയാണ്. നീളമേറിയ തുമ്പികൈയുള്ള കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് വേണം ഗാഡർ കയറ്റാൻ. ഇവിടേക്ക‌് ക്രെയിൻ എത്തിക്കുന്നതിന് പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരുമിടപ്പെട്ട്  കൂടുതൽ സ്ഥലം തൽക്കാലത്തേക്ക്  സൗകര്യപ്പെടുത്താൻ തിങ്കളാഴ്ച പ്രവൃത്തി വിലയിരുത്താനെത്തിയ വി കെ സി മമ്മദ് കോയ എംഎൽഎ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

റോഡിനായി സ്ഥലമേറ്റെടുക്കുന്ന 38 പേരിൽ 35 പേർക്ക് നഷ്ടപരിഹാരം നേരത്തെ നൽകി. മൂന്ന് കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെടുന്നതിനാൽ ഇവരെ ഉചിതമായ നിലയിൽ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ഭൂവുടമകളെ ഉൾപ്പെടുത്തി ബുധനാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും. മേൽപ്പാലത്തെ ബന്ധിപ്പിക്കാൻ കടലുണ്ടി, കരുവൻതിരുത്തി റോഡുകളിൽനിന്നായി റെയിലിന്റെ ഇരുഭാഗത്തും അപ്രോച്ച് റോഡുകൾ 1998 ൽ തന്നെ നിർമിച്ചിരുന്നുവെങ്കിലും പലവിധ സാങ്കേതികക്കുരുക്കിൽ മേൽപ്പാലം നിർമാണം ആരംഭിക്കാനായിരുന്നില്ല.  2006ൽ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക‌് പുതുജീവൻ വന്നത്. ഇദ്ദേഹത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് പദ്ധതിക്ക‌്   അംഗീകാരമായെങ്കിലും ഭരണമാറ്റത്തോടെ വീണ്ടും കാലതാമസം വന്നു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതും വി കെ സി മമ്മദ് കോയ എംഎൽഎയുടെ ഇടപെടലും പദ്ധതിക്ക‌് വേഗം കൂട്ടി.

Post a Comment

0 Comments