കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം 27-ന്കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കായി പുതുതായി നിര്‍മിച്ച കെട്ടിടം മേയ് 27-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വാര്‍ഡുകളില്‍ പുതിയ കട്ടിലും കിടക്കയും മറ്റ് ഫര്‍ണച്ചറും സജ്ജമാക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. 150 കിടക്കകളാണ് ഏര്‍പ്പെടുത്തുന്നത്. പുതിയ കെട്ടിടത്തില്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ നഗരസഭ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ട്രീറ്റ്‌മെന്റ് പ്ലാന്റിന് മറ്റൊരു 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മാണത്തിന് എം.എല്‍.എ. ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. വാര്‍ഡുകളില്‍ പുതിയ കട്ടില്‍, കിടക്ക എന്നിവ വാങ്ങാന്‍ അഞ്ചുലക്ഷം രൂപയാണ് ചെലവഴിക്കുകയെന്ന് ചെയര്‍മാന്‍ കെ. സത്യന്‍ പറഞ്ഞു. ബാക്കി ഉപകരണങ്ങളും സംവിധാനങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ സംഘടനകള്‍, പ്രവാസികള്‍ എന്നിവരെ സമീപിക്കും. ലിഫ്റ്റിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 13.65 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 3243 ചതുരശ്ര മീററര്‍ വിസ്തൃതിയിലാണ് ആറുനില കെട്ടിടം പണിതത്.

2013 ഡിസംബര്‍ ആറിനാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണി കരാര്‍ എടുത്തിരുന്നത്. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം വാര്‍ഡ്, എക്‌സ്‌റേ റൂം, ട്രീറ്റ്‌മെന്റ് റൂം, കണ്ണ് പരിശോധനാമുറി, അസ്ഥിരോഗ വിഭാഗം, രോഗികള്‍ക്ക് ഇരിക്കാനാവശ്യമായ സംവിധാനം എന്നിവയും ഒന്നാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, നിരീക്ഷണ വാര്‍ഡ്, രണ്ടാംനിലയില്‍ ഐ.സി.യു., മൂന്നും നാലും നിലകളില്‍ പുരുഷന്മാര്‍ക്കുള്ള വാര്‍ഡ്, അഞ്ചാം നിലയില്‍ സ്ത്രീവിഭാഗം വാര്‍ഡ് എന്നിങ്ങനെ സംവിധാനമൊരുക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.

പുതിയ ബഹുനിലക്കെട്ടിടം തുറന്നു കൊടുക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് കിടത്തിച്ചികിത്സ നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും 2500-നും 3000-ത്തിനും ഇടയില്‍ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇത്രയും രോഗികള്‍ക്ക് ആവശ്യമായ പരിചരണമോ ചികിത്സയോ നല്‍കാന്‍ കുറഞ്ഞ ഡോക്ടര്‍മാരെ കൊണ്ടാകുന്നില്ല.

Post a Comment

0 Comments