കോഴിക്കോട് ബീച്ച് |
കോഴിക്കോട്: എലത്തൂരിൽനിന്ന് തുടങ്ങി കനോലിക്കനാലിലൂടെ കല്ലായിപ്പുഴയും പിന്നിട്ട് കടൽ വഴി വീണ്ടും എലത്തൂരിലേക്കൊരു യാത്ര. ഇതിനിടെ കോഴിക്കോടിന്റെ പൈതൃകകേന്ദ്രങ്ങളായ തളിയും കുറ്റിച്ചിറയും പട്ടുതെരുവും വ്യാപാരത്തെരുവുകളായ വലിയങ്ങാടിയും മിഠായിത്തെരുവുമൊക്കെ കണ്ടൊരു മടക്കം. ഒപ്പം കോഴിക്കോടിന്റെ തനത് രുചിയും ആഥിത്യവും അനുഭവിക്കാം. കല്ലായിയിലെ മരവ്യവസായത്തെ അടുത്തറിയാം. വിദേശരാജ്യങ്ങളിലെ ഡിസൈനർമാരെയും സഞ്ചാരികളെയും എത്തിച്ച് കല്ലായിയുടെ പെരുമ വീണ്ടും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാം. കനോലിക്കനാലും കല്ലായിപ്പുഴയും വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. കോഴിക്കോടിന്റെ പൈതൃകവും ജലപാതകളും സംരക്ഷിച്ചുകൊണ്ടുള്ള 200 കോടിയുടെ താണ് പദ്ധതി. 11-ന് നടക്കുന്ന പൊതുചർച്ചയ്ക്ക് ശേഷം കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി സമർപ്പിക്കും.
കല്ലായിപ്പുഴ |
എലത്തൂരിലെ പുഴയെയും കനോലിക്കനാലിനെയും കല്ലായിപ്പുഴയെയും കടലിനെയും ബന്ധിപ്പിക്കുന്ന വാട്ടർ ലൂപ്പ് പദ്ധതിയാണ് ഇതിൽ ഏറ്റവും ആകർഷകം. പെതൃകകേന്ദ്രങ്ങൾ മാർക്കറ്റുകൾ, പാർക്കുകൾ, സാംസ്കാരികകേന്ദ്രങ്ങൾ തുടങ്ങി വിനോദസഞ്ചാരികൾക്ക് മുന്നിൽ കോഴിക്കോടിന്റെ എല്ലാ വിനോദ സഞ്ചാരസാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് വാട്ടർലൂപ്പ് പദ്ധതി. വാട്ടർസ്പോർട്‌സ്, ഉൾനാടൻ ജലഗതാഗതം, പൈതൃക സംരക്ഷണം തുടങ്ങി കോഴിക്കോടിനെ പല മേഖലകളാക്കി തിരിച്ചിട്ടുണ്ട്. പുതിയ നിരത്തിലെ ബോട്ട് ജെട്ടിയും എൻ.സി.സി. ബോട്ട് ക്ലബ്ബും പുനരുദ്ധരിക്കുക, എലത്തൂരിലെ ജലാശയത്തിനരികെ നടപ്പാതയും പൂന്തോട്ടങ്ങളുമൊരുക്കുക തുടങ്ങിയവയെല്ലാം നിർദേശിക്കുന്നുണ്ട്. കനോലിക്കനാൽ 14 മീറ്ററായി വീതികൂട്ടാനാണ് കോഴിക്കോട്ടെ ആർക്കിടെക്ടുമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ പറയുന്നത്.
കനോലി കനാൽ |
സരോവരത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും കണ്ടൽക്കാടുകൾക്കിടയിലൂടെ വാക്‌വേ സ്ഥാപിക്കാനും നിർദേശമുണ്ട്. കുണ്ടൂപ്പറമ്പിനും കാരപ്പറമ്പിനുമിടയിൽ ജോഗിങ്ങിനുള്ള സൗകര്യവും സൈക്കിൾ ട്രാക്കുമുണ്ടാക്കും. കനോലിക്കനാലിെന്റ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോട്ട് ജെട്ടി, കുണ്ടൂപറമ്പ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, പുതിയപാലം, കല്ലുത്താൻകടവ് എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ തുടങ്ങിയവയാണ് മറ്റു പ്രധാന നിർദ്ദേശങ്ങൾ.
കോരപ്പുഴ |
കൈയേറിയും മാലിന്യമിട്ടും നിരന്തരം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കല്ലായിപ്പുഴയെയും മരവ്യവസായത്തെയും വിവിധമേഖലകളായി തരംതിരിച്ചാണ് സംരക്ഷിക്കുന്നത്. കമ്യൂണിറ്റി, വിനോദസഞ്ചാരം, ഫിഷറീസ്, വ്യാവസായികം എന്നിവയാണ് ഈ മേഖലകൾ. ഇതിൽ കല്ലായിയിലെ മരവ്യവസായത്തിന്റെ മുഖച്ഛായ മുഴുവൻ മാറ്റുന്ന നിർദേശങ്ങളാണുള്ളത്. കല്ലായിയെ മരവ്യവസായ ഡിസൈനിന്റെ ഹബ്ബാക്കി മാറ്റുകയാണ് ഉദ്ദേശ്യം. വിദേശത്തുനിന്നുള്ള വിദഗ്ധരായ ഡിസൈനർമാർ കല്ലായിയിലെത്തി ഫർണിച്ചർ ഡിസൈനിങ് നടത്തുന്ന രീതിയിലാണ് ഉദ്ദേശിക്കുന്നത്. കല്ലായിയിൽ ടിംബർ റിസർച്ച് സെന്റർ. പുഴയോട് ചേർന്ന് വ്യാപാരത്തെരുവുകളും ഹോം സ്റ്റേയും ഭക്ഷ്യത്തെരുവുകളുമെല്ലാം ഉദ്ദേശിക്കുന്നുണ്ട്.
മറ്റൊരു വികസിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കോഴിക്കോട് ബീച്ച്. രാജ്യത്തെ രണ്ടാം വലിയ ബീച്ചായ കോഴിക്കോട് ബീച്ചിനെ എട്ട് മേഖലകളാക്കി തരം തിരിച്ച് വികസിപ്പിക്കും. എഴുപത് കോടിയോളം രൂപവരുന്ന പദ്ധതിയാണ് ബീച്ചിൽ നിർദേശിക്കുന്നത്. വരക്കൽ, ഗുജറാത്തിസ്ട്രീറ്റ്, വലിയങ്ങാടി, കുറ്റിച്ചിറ എന്നിവിടങ്ങളിലെ റോഡുകൾ പുനരുദ്ധരിക്കുക. ഫ്ളഡ് ലിറ്റ് വെളിച്ചത്തിൽ ബീച്ച് വോളി, ബീച്ച് ഫുട്‌ബോൾ, ബീച്ച് ക്രിക്കറ്റ് എന്നിവയ്ക്ക് സൗകര്യമൊരുക്കുക, ബീച്ചിൽ ഓപ്പൺ എയർതിയേറ്റർ, ലിറ്ററേച്ചർ ഫെസ്റ്റ് വേദികൾ, ലൈബ്രറി, സൈക്കിൾ ട്രാക്ക് നിരവധി നിർദേശങ്ങളുണ്ട്. ഇപ്പോഴത്തേത് മാസ്റ്റർ പ്ളാൻ മാത്രമാണ്. വിശദമായ പദ്ധതി രേഖ തയ്യാറാക്കേണ്ടതുണ്ടെന്ന് മാസ്റ്റർപ്ളാനിന് നേതൃത്വം നൽകിയ ആർക്കിടെക്ട് പി.പി. വിവേക് പറയുന്നു. 200 കോടി രൂപ ടൂറിസത്തിനും മറ്റ് അടിസ്ഥാന സൗകര്യത്തിനുമാണ്. പാലത്തിനും ജലപാതയുടെ വിസനത്തിനുമായി വേറെ തുകയും ആവശ്യമാണ്.
0 Comments