ഫയല്‍ അടിയന്തരമായി ഓഫീസിലെത്തിക്കാന്‍ PWD സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം



കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമെടുപ്പിന് ഫണ്ടനുവദിക്കാനുള്ള ഫയല്‍ അടിയന്തരമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുമരാമത്ത് സെക്രട്ടറിയോടാവശ്യപ്പെട്ടു. ഫണ്ടനുവദിക്കുന്നത് അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തില്‍ ഉപവാസസമരം തുടങ്ങാനിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെല്‍. ഇതേത്തുടര്‍ന്ന് അനിശ്ചിതകാല ഉപവാസസമരം ഒരു ദിവസമായി ചുരുക്കാന്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഈവിഷയത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം.കെ. രാഘവന്‍ എം.പി.യുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഈ റോഡ് വളരെ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന എം.ജി.എസിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. അതുകൊണ്ട് എം.ജി.എസിനോട് സമരത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, ഒരുമാസത്തിനുള്ളില്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിന് വിലകല്‍പ്പിച്ചില്ലെന്ന് കരുതരുതെന്നുവെച്ചാണ് അനിശ്ചിതകാലസമരം തത്കാലം നീട്ടിവയ്ക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ഥലമെടുപ്പിനും റോഡുവികസനത്തിനുമായി 350 കോടിയോളം രൂപയാണ് വേണ്ടത്. അതില്‍ 114 കോടിയേ അനുവദിച്ചിട്ടുള്ളൂ. 110 കോടി രൂപയുടെ ഭൂരേഖകള്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു തീരുമാനവുമായിട്ടില്ല. പൊതുമരാമത്തുവകുപ്പിന്റെ മെല്ലെപ്പോക്കാണ് പ്രശ്‌നത്തിന് കാരണം. നിവേദകസംഘത്തില്‍ മുന്‍മന്ത്രി പി. ശങ്കരന്‍, പി.കെ. ഗോപി, മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, സി.ജെ. റോബിന്‍, ഡോ. കെ. മൊയ്തു, പി.വി. നവീന്ദ്രന്‍ എന്നിവരുണ്ടായിരുന്നു.

Post a Comment

0 Comments