യാഥാർത്യമാവാനൊരുങ്ങി ഫറോക്ക്-ബേപ്പൂർ റെയിൽവേ ലൈൻ



കോഴിക്കോട്: കണ്ടെയ്നർ മാർഗമുള്ള ചരക്കു നീക്കം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടു ഫറോക്കിൽ നിന്നു ബേപ്പൂർ തുറമുഖത്തേക്ക് പുതിയ റെയിൽപാതയ്ക്കു പദ്ധതി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സാഗർമാലയിൽ ഉൾപ്പെടുത്തിയാണ് തുറമുഖത്തേക്ക് റെയിൽവേ ലൈൻ നിർമിക്കുന്നത്. ഇതിനായി ഇന്ത്യൻ പോർട്ട് റെയിൽ കോർപറേഷൻ ഉപദേശകൻ എം. സുയമ്പുലിങ്കത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സാധ്യതാ പരിശോധന നടത്തി. ഫറോക്കിൽ പഴയ പാലത്തിനു സമീപത്തെ മറീന കൺവൻഷൻ സെന്റർ പരിസരത്തു നിന്നാരംഭിച്ചു മധുരബസാർ, ബിസി റോഡ് വഴിയാണ് ബേപ്പൂരിലേക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രോഡ്ഗേജ് പാത.


ഒറ്റവരിപ്പാതയാണ് ലക്ഷ്യമെന്നതിനാൽ അനായാസം നിർമിക്കാനാകുമെന്നാണ് റെയിൽവേ സംഘത്തിന്റെ വിലയിരുത്തൽ. വിശദമായ സർവേ നടത്തി ഡിപിആർ തയാറാക്കുന്നതിനു കൺസൽറ്റൻസിയെ നിയമിച്ചിട്ടുണ്ട്. ഫറോക്കിൽ നിന്നു തുറമുഖത്തേക്ക് ആകെ മൂന്നര കിലോമീറ്റർ ദൂരത്തിൽ പാത ഒരുക്കാനാകുമെന്നതു അനുകൂലമാണ്. കൂടുതൽ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരില്ലെന്നതിനാൽ താരതമ്യേന കുറഞ്ഞ ചെലവിൽ പദ്ധതി യാഥാർഥ്യമാക്കാനാകും. ഡിപ്പോസിറ്റ് വർക്ക് ആയാകും നിർമാണം. വിശദ പദ്ധതി റിപ്പോർട്ടിൽ റെയിൽവേ തയാറാക്കുന്ന എസ്റ്റിമേറ്റ് തുക അടച്ചാൽ പണികൾ ആരംഭിക്കാനാകും. നേരത്തേ ബേപ്പൂരിലേക്കു കല്ലായിയിൽ നിന്നു റെയിൽപാത പണിയാനായിരുന്നു പദ്ധതി. ഇതു സംബന്ധിച്ചു നടത്തിയ സാധ്യതാ പഠനത്തിൽ ജനവാസ മേഖലയിലൂടെ പുതിയ പാത നിർമിക്കുമ്പോൾ ഒട്ടേറേ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നു കണ്ടെത്തിയിരുന്നു.


ഇതു പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കുമെന്നു മുന്നിൽകണ്ടാണ് പുതിയ ദിശയിലേക്കുള്ള മാറ്റം. കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ ബേപ്പൂരിലേക്ക് കൂടുതൽ കണ്ടെയ്നർ കപ്പലുകളുടെ വരവു തുടങ്ങിയതോടെയാണ് പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. റെയിൽപാത വരുന്നതോടെ ബേപ്പൂർ തുറമുഖത്ത് ചരക്കു നീക്കത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. തുറമുഖത്തെത്തിയ റെയിൽവേ സംഘം പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപുമായി ചർച്ച നടത്തി. സീനിയർ സെക്‌ഷൻ എൻജിനീയർ പി.പി. ജോയ്, പോർട്ട് പഴ്സനൽ അസിസ്റ്റന്റ് എം. അജിനേഷ്, സൂപ്രണ്ട് എൻ.കെ. അബ്ദുൽ മനാഫ് എന്നിവർ ഒപ്പമുണ്ടായി.

Post a Comment

0 Comments