കാഴ്ചക്കാർക്കായി അണിഞ്ഞൊരുങ്ങി സൗത്ത് ബീച്ച്



കോഴിക്കോട്: ബീച്ചിൽ  കാഴ്ചക്കാർക്കായി പുത്തൻ കാഴ്ച്ചകളുമായി സൗത്ത് ബീച്ച് അണിഞ്ഞൊരുങ്ങി. വിനോദസഞ്ചാര വകുപ്പിനായി തുറമുഖ വകുപ്പി​ന്റെ അനുമതിയോടെ ഹാർബർ എൻജിനീയറിങ് വിഭാഗം നടത്തുന്ന നവീകരണം ഏറക്കുറെ പൂർത്തിയായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നവീകരിച്ച കടപ്പുറത്തി​ന്റെ ചുമതല ഉടൻ ഏറ്റെടുക്കും. കടപ്പുറത്ത് വൈദ്യുതിവത്കരണമാണ് ഇനി മുഖ്യമായി തീരാനുള്ളത്.

കോഴിക്കോട് തുറമുഖം സജീവമായിരുന്ന കാലത്ത് വലിയങ്ങാടി ഭാഗത്തേക്ക് ചരക്കുകൾ ഇറക്കിയിരുന്ന കടൽപ്പാലവും ഗോഡൗണും മറ്റും ഏറക്കാലമായി കാടുപിടിച്ച് ശ്രദ്ധിക്കാതെ കിടപ്പായിരുന്നു. തെക്കേ കടൽപ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലാണ് മോടി കൂട്ടിയത്. നിശ്ചയിച്ച വീതിയിൽ സ്ഥലം വിട്ടുകിട്ടാത്തതിനാൽ 10 മീറ്റർ വീതിയിലാണ് നവീകരണം. മൊത്തം 3.8 കോടി രൂപ ചെലവിൽ എം.കെ. മുനീർ എം.എൽ.എ താൽപര്യമെടുത്താണ് നവീകരണം. സ്പോർട്സ് കൗൺസിൽ നേതൃത്വത്തിലുള്ള പഴയ നീന്തൽക്കുളത്തി​ന്റെ ഭാഗം ഒഴിവാക്കിയതോടെയാണ് ഭംഗിയാക്കാനുള്ള സ്ഥലം കുറഞ്ഞത്. നാല് വ്യൂ പോയൻറുകൾ, ടൈൽ വിരിച്ച നടപ്പാത, ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവ ഒരുങ്ങി. വ്യൂ പോയൻറുകൾക്കു സമീപം കോൺക്രീറ്റ് ഇരിപ്പിടങ്ങളും അലങ്കാരപ്പനകളുമുണ്ട്. തെക്കേ കടൽപ്പാലം വൃത്തിയാക്കി അതിനു സമീപം ഇരിപ്പിടങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമുണ്ട്.

Post a Comment

0 Comments