കളിമണ്ണ‌് കിട്ടിത്തുടങ്ങി; ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികൾ ഉണരുന്നുകോഴിക്കോട്:സർക്കാർ ഇടപെടലിൽ ഖനനത്തിനുള്ള ചട്ടങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് കളിമണ്ണ് കിട്ടിത്തുടങ്ങിയതോടെ ഓട്ടുകമ്പനികൾ ഉണരുന്നു. അഞ്ച‌് വർഷത്തിനുശേഷം ആദ്യമായി കളിമണ്ണ് നിയമാനുസരണം ലഭിച്ചു തുടങ്ങിയതോടെ ഓട‌് വ്യവസായ മേഖല  വീണ്ടുമുണർന്നു. സർക്കാരിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി കളിമണ്ണ് ലഭിച്ചതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായത് ഫറോക്ക് ചെറുവണ്ണൂർ കലിക്കറ്റ് ടൈൽ ഫാക്ടറിക്കും ഇവിടുത്തെ 200 ലേറെ തൊഴിലാളികൾക്കുമാണ്. മണ്ണില്ലാതെ അടച്ചു പൂട്ടേണ്ടിവന്ന ഈ കമ്പനി 11 മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. കളിമൺ ഖനനം സാധിക്കാതെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ കുരുക്കിലകപ്പെട്ട് ഓട്ടുകമ്പനികളേറെയും അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മൈൻസ് ആൻഡ‌് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ‌് റഗുലേഷൻ) ആക്ടിൽ 2015ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ നാലാം ചട്ടത്തിലെ രണ്ടാം ഉപവകുപ്പ് നീക്കി ഉത്തരവിറക്കിയത‌്. ഇതനുസരിച്ച് ഖനനത്തിനാവശ്യമായ ഇളവ് നൽകി.

സാങ്കേതികതയുടെ പേരിൽ ജില്ലാതലത്തിലുണ്ടായ കാലതാമസം കാരണം മണ്ണ് കിട്ടാൻ രണ്ടുമാസം കാത്തിരിക്കേണ്ടി വന്നിരുന്നു. എങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്ക് ഏറെക്കുറെ പ്രതിസന്ധി പരിഹരിക്കാമെന്ന ആശ്വാസത്തിലാണിപ്പോൾ. മണ്ണ് ലഭിച്ചു തുടങ്ങിയപ്പോൾ മഴ ചതിച്ചുവെന്നത് മാത്രമാണ് പ്രശ്നം.  മഴയ്ക്കു മുമ്പേ കമ്പനികളിൽ മണ്ണ് സംഭരിക്കാനാകണം. മഴ കനത്താൽ വാഹനത്തിന് ചെളിയിലിറങ്ങാനാകില്ല.ഓരോ കമ്പനികളിലും കളിമണ്ണ് എത്തിക്കുമ്പോൾ മഴ വന്നത‌്  മണ്ണ് കരുതൽ ശേഖരണത്തെ ബാധിക്കാമെങ്കിലും നിലവിൽ ഭാഗികമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെല്ലാം വൈകാതെ പൂർണതോതിൽ ഉല്പാദനമാരംഭിക്കാം എന്നത് മാനേജ്മെന്റിനും തൊഴിലാളികൾക്കും ഒരുപോലെ ആശ്വാസമാകും.

കിട്ടിയ മണ്ണ് ഉപയോഗപ്പെടുത്തി ഉല്പാദനം മുന്നോട്ട് കൊണ്ടുപോകാനാണ‌്  സ‌്റ്റാൻഡേർഡ് ടൈൽവർക്ക്സ്, കോമൺവെൽത്ത് ടൈൽസ്, നാഷണൽ ടൈൽസ്, കലിക്കറ്റ് ടൈൽ ഫാക്ടറി എന്നിവയുടെ തീരുമാനം.  ഇവയിൽ കഴിഞ്ഞ ദിവസം തുറന്ന കലിക്കറ്റ് കമ്പനിയിൽ ഉല്പാദനം തുടങ്ങാൻ ഒരാഴ്ചയിലേറെയെടുക്കുമെങ്കിലും ഒരു വർഷത്തേക്ക് തുടർച്ചയായി ഉൽപാദനത്തിലുള്ള മണ്ണെത്തിയിട്ടുണ്ട്. ഇവിടെ സ്റ്റോക്കുള്ള ഓടുകളുടെ വില്പനയും നടക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ‌് ചട്ടം ഭേദദഗതി ചെയ്തുള്ള പുതിയ ഉത്തരവിറങ്ങിയത്. ഇതു പ്രകാരം നേരത്തെ  കലക്ടർ അധ്യക്ഷനായുള്ള ജില്ലാതല വിദഗ‌്ധ സമിതിയുടെ ശുപാർശയോടെയുള്ള എൻഒസി ഒഴിവാക്കി. പകരം ജില്ലാ തലത്തിലുള്ള പരിസ്ഥിതി ആഘാത നിർണയ സമിതിയുടെ ക്ലിയറൻസ് മാത്രമുണ്ടായാൽ കളിമൺ ഖനനത്തിന് അനുമതി നൽകാമെന്നായി. കളിമണ്ണില്ലാതെ കഴിഞ്ഞ അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ഓട് ഇഷ്ടിക കമ്പനികളിലേറെയും അടച്ചു പൂട്ടിയിരുന്നു.  ആയിരക്കണക്കിന് കമ്പനി തൊഴിലാളികളും അനുബന്ധ ജോലിക്കാരും അതോടെ തൊഴിൽ രഹിതരായി. ഈ മേഖലയിൽ അവശേഷിച്ച ചുരുക്കം കമ്പനികളും അടച്ചു പൂട്ടലിന്റെ വക്കിലെത്തി. തുടർന്ന‌്  മുഖ്യമന്ത്രി, തൊഴിൽ, വ്യവസായ മന്ത്രിമാർ, വി കെ സി മമ്മദ് കോയ എംഎൽഎ,  ടൈൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വം എന്നിവർ വിഷയത്തിൽ ഇടപ്പെട്ടതോടെയാണ‌് ഈ  പരമ്പരാഗത വ്യവസായത്തെ തകർച്ചയിൽനിന്ന‌് കരകയറ്റിയത്.
ഓട‌് വ്യവസായത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെട്ട ഫറോക്ക് ചെറുവണ്ണൂർ മേഖലയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പ്രധാന ഓട്ടുകമ്പനികൾക്ക് പൂട്ടുവീണു.  അടച്ചുപൂട്ടലിന് എല്ലാ കമ്പനികളും കാരണം പറഞ്ഞത് മുഖ്യ അസംസ്കൃത വസ്തുവായ കളിമണ്ണില്ലെന്നാണ്. മണ്ണ് കിട്ടിയപ്പോൾ തുറന്നത് ഒരേയൊരു കമ്പനിയും.  ഈ വ്യവസായ മേഖലയുടെ സർവനാശം ഒഴിവാക്കുന്നതിനാണ് സർക്കാർ  കളിമൺ ഖനനാനുമതിക്കായുള്ള നിയമം ലഘൂകരിച്ചത്. ഇതു ഓട‌് വ്യവസായ മേഖലയിൽ പുതിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്.   അതേസമയം കളിമണ്ണ് ലഭിക്കാൻ അവസരമുണ്ടായിട്ടും അടച്ചു പൂട്ടിയ ചില കമ്പനികൾ ഇനി തുറക്കേണ്ടതില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച മട്ടാണ്. അടച്ചിട്ട മലബാർ ടൈൽ വർക്ക്‌സ് , വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാൻ എന്നീ മൂന്ന് കമ്പനികളിലെ തൊഴിലാളികളിപ്പോഴും സമരത്തിലാണ്.

Post a Comment

0 Comments