നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന തൊണ്ടയാട‌് മേൽപ്പാലം |
കോഴിക്കോട‌്:കോഴിക്കോടിന്റെ വികസന കുതിപ്പിന‌് കരുത്ത‌് പകരുന്ന രണ്ട‌് മേൽപ്പാലങ്ങൾ കൂടി ഒരുങ്ങി. വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലെ തൊണ്ടയാടും രാമനാട്ടുകരയിലുമാണ‌് മേൽപ്പാലം. ജൂലൈ പകുതിയോടെ രണ്ടും മേൽപ്പാലങ്ങളും ഗതാഗതത്തിന‌് തുറന്നു കൊടുക്കും. ഇതോടെ കോഴിക്കോട‌് നഗരത്തിലെയും ബൈപാസിലെയും ഗതാഗത ക്കുരുക്കിന‌് ഒരു പരിധിവരെ പരിഹാരമാകും. ഇരുമേൽപ്പാലങ്ങൾക്കുമായി 143 കോടി രൂപയാണ‌് നിർമാണ ചെലവ‌്. തൊണ്ടയാട‌് മേൽപ്പാല നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 474 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ആകെ 18 സ്പാനുകളിലാണ് പ്രതലമൊരുക്കിയത‌്. 17 സ്പാനുകൾ 25 മീറ്റർ നീളമുള്ളതാണ്. ജങ്ഷനിൽ 40 മീറ്റർ നീളമുള്ള വലിയ സ്പാനാണ് നിരത്തിയത‌്.
രാമനാട്ടുകരയിൽ ഒരു സ്ലാബിന്റെ നിർമാണം കൂടി പൂർത്തിയാക്കാനുണ്ട‌്. 480 മീറ്റർ നീളവും 12 മീറ്റർ വീതിയുമുണ്ട‌്. 30 മീറ്റർ നീളത്തിലുള്ള 13 സ്പാനുകളും ജങ്ഷനിൽ 40 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളുമാണുള്ളത‌്. മെഡിക്കൽ കോളേജിലേക്കുള്ള കോഴിക്കോട് നഗരത്തിലെ പ്രധാന പാതയായ മാവൂർ റോഡും ദേശീയപാതയും സംയോജിക്കുന്ന തൊണ്ടയാട് ജങ്ഷനിൽ മേൽപ്പാലം വേണമെന്ന ആവശ്യം ദീർഘകാലമായുള്ളതാണ‌്. മേൽപ്പാലം വരുന്നതോടെ ജങ്ഷനിലെ തിരക്ക് കുറയും. ദേശീയ പാതയും പാലക്കാട് റോഡും സംഗമിക്കുന്ന രാമനാട്ടുകരയും പ്രധാന ജങ്ഷനാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും വരുന്നവർക്കും പോകുന്നവർക്കുമെല്ലാം ഇരുമേൽപ്പാലങ്ങളും ഏറെ സഹായകരമാകും. ജങ‌്ഷനുകളിൽ സിഗ്നൽ കാത്തുനിൽക്കേണ്ടി വരില്ലെന്നതാണ‌് പ്രധാന നേട്ടം. പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. മേൽപ്പാലങ്ങളുടെ നിർമാണം അതിവേഗത്തിലാണ് നടന്നത‌്. നവംബറിലാണ‌് നിർമാണം ആരംഭിക്കുന്നത‌്. ഒരു മണിക്കൂർകൊണ്ട് 100 എം ക്യൂബ് കോൺക്രീറ്റ് പൂർത്തിയാക്കാവുന്ന ബൂം പമ്പ് ഉപയോഗിച്ചാണ് സ്പാൻ വെച്ചത‌്. രാവിലെയും രാത്രിയുമായാണ് പ്രവൃത്തികൾ നടന്നത‌്. ഇരു മേൽപ്പാലങ്ങളുടെയും സർവീസ‌് റോഡിന്റെയും അപ്രോച്ച‌് റോഡിന്റെയും ടാറിങ‌് പ്രവൃത്തികളാണ‌് ഇനി പൂർത്തിയാക്കാനുള്ളത‌്. സർവീസ‌് റോഡിന്റെയും അപ്രോച്ച‌് റോഡിന്റെയും നിർമാണം പൂർത്തിയാക്കണമെങ്കിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ‌് ഇനി നടക്കാനുള്ളത‌്. കെഎസ‌്ഇബിയുടെ പോസ‌്റ്റുകൾ, ജപ്പാൻ കുടിവെള്ള പൈപ്പ‌് ലൈൻ, ടെലിഫോൺ കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട‌്. ഇതിനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
0 Comments