നിപ്പാ വൈറസ് ബാധ: ആശങ്കയകറ്റാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചുകോഴിക്കോട്:നിപ്പാ വൈറസ് ബാധയിൽ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ നിരവധി പേർ മരിച്ചതുമൂലം ജനത്തിനുണ്ടായ ആശങ്കയും പേടിയും പരിഹരിക്കാൻ സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. നമ്പർ: 0495 – 2376063. ഇന്നലെ കലക്ടർ യു.വി.ജോസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു കൺട്രോൾ റൂം തുറക്കാൻ തീരുമാനമുണ്ടായത്. ജില്ലയുടെ വിവിധ മേഖലകളിലായി ഒട്ടേറെപ്പേർ ആശങ്കയിലാണ്. വൈറൽ പനി ബാധിതരെല്ലാം ഭീതിയിൽ നിൽക്കുന്ന സാഹചര്യത്തിലാണു സംശയ പരിഹാരത്തിനും അന്വേഷണത്തിനുമായി കൺട്രോൾ റൂം തുറന്നിട്ടുള്ളത്.

മറ്റു യോഗ തീരുമാനങ്ങൾ

 പനി ക്ലിനിക്

ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ പനി ക്ലിനിക്കുകൾ തുറക്കാൻ യോഗത്തിൽ തീരുമാനമായി. ആവശ്യമുള്ളിടങ്ങളിൽ രോഗബാധിതർക്കായി ഐസോലേഷൻ വാർഡുകൾ തുറക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണവും തേടിയിട്ടുണ്ട്.

 ടാസ്ക് ഫോഴ്സ്

കലക്ടർ, ഡിഎംഒ ഡോ. വി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ കർമസേനയ്ക്കു രൂപം നൽകി. ഇവർ യോഗം ചേർന്ന് അടിയന്തര വിഷയങ്ങൾക്കു പരിഹാരമുണ്ടാക്കും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ജീവനക്കാർ ചങ്ങരോത്തിലെ രോഗബാധിത മേഖലയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

 ജാനകിക്കാട് വനത്തിലേക്ക് സഞ്ചാര നിരോധനം

പേരാമ്പ്രയോടത്തുള്ള വിനോദ സഞ്ചാര മേഖലയായ ജാനകിക്കാട് വനമേഖലയിലേക്കുള്ള സഞ്ചാരികളുടെ യാത്ര വനംവകുപ്പ് താൽക്കാലികമായി തടഞ്ഞു. നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് രോഗമേഖലയോടു ചേർന്നുള്ള പ്രദേശത്തേക്കു യാത്രാനിരോധനമേർപ്പെടുത്തിയത്.

Post a Comment

0 Comments