കോഴിക്കോടുൾപ്പെടെ സംസ്ഥാനത്ത് ഏഴ് ആധുനിക ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ മന്ത്രിസഭ അനുമതികോഴിക്കോട്: ജില്ലയിലുൾപ്പെടെ 7 ജില്ലകളിൽ ആധുനിക രീതിയിൽ ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീവയാണ് മറ്റു ജില്ലകൾ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾക്കാണ് അനുമതി നൽകുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ശുപാർശകൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതിൽനിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡൽഹി ആസ്ഥാനമായുളള ഐ.ആർ.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കൺസൾട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

Post a Comment

0 Comments