കെ.എസ്‌.ഇ.ബിയുടെ സ്‌മാര്‍ട്ട്‌ മീറ്റര്‍ പദ്ധതിപാളികോഴിക്കോട്‌: നഗരത്തില്‍ 25 കെട്ടിടങ്ങളില്‍ സ്‌മാര്‍ട്ട്‌ ഇലക്‌ട്രിസിറ്റി മീറ്റര്‍ സ്‌ഥാപിക്കാനുള്ള കെ.എസ്‌.ഇ.ബിയുടെ പദ്ധതി പാളി. കെ.എസ്‌ ഇ.ബി ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനി ഇതുവരെയായിട്ടും സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ സ്‌ഥാപിക്കാത്തതാണ്‌ കെ.എസ്‌.ഇ.ബിക്ക്‌ തിരിച്ചടിയായത്‌.ഏപ്രില്‍ രണ്ടാം വാരത്തില്‍ ഇത്തരം മീറ്റുകള്‍ സ്‌ഥാപിക്കുമെന്നായിരുന്നു സ്വകാര്യ സ്‌ഥാപനം ഉറപ്പുനല്‍കിയിരുന്നത്‌.

നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 25 കെട്ടിടങ്ങളില്‍ ആദ്യഘട്ടത്തില്‍ സ്‌മാര്‍ട്ട്‌ ഇലക്‌ട്രിസിറ്റി മീറ്റര്‍ സ്‌ഥാപിക്കാനായയിരുന്നു ലക്ഷ്യമിട്ടിരുന്നത്‌.കെ.എസ്‌.ഇ.ബിയാണ്‌ ഇതുസംബന്ധിച്ച സര്‍വേ നടത്തിയത്‌.സ്വകാര്യ സ്‌ഥാപനത്തിന്റെ ജീവനക്കാരും സര്‍വേയുടെ ഭാഗമായിരുന്നു. ഉപഭോക്‌താക്കളെ കണ്ടെത്തിയത്‌ സ്വകാര്യ സ്‌ഥാപനമായിരുന്നു. എന്നാല്‍ ഇതിനുശേഷം കമ്പനിയുടെ ടെക്‌നീഷ്യന്‍മാര്‍ തിരിഞ്ഞുനേക്കിയില്ലെന്ന്‌ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍ പറയുന്നു.പദ്ധതി നടപ്പാക്കാനുദ്ദേശിച്ചിരുന്ന കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും ഇതാണ്‌ അവസ്‌ഥ. കോര്‍പറേഷന്‍ പ്രദേശത്ത്‌ നടപ്പാക്കിയശേഷം രണ്ടാംഘട്ടത്തില്‍ ജില്ലയിലെ 4400 ഉപഭോക്‌താക്കളിലേക്ക്‌ വ്യാപിപ്പിക്കാനായിരുന്നു പരിപാടി. പഴയ മീറ്ററുകര്‍ മാറ്റാതെ പുതിയതു സ്‌ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. ഉപഭോഗത്തിന്റെ കണക്ക്‌ രണ്ടു മീറ്ററിലും വരുന്നത്‌ താരതമ്യ പഠനം നടത്തും. സ്വകാര്യ കമ്പനി സമാര്‍ട്ട്‌ മീറ്റര്‍ സ്‌ഥാപിക്കുന്നില്ലെങ്കില്‍ സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാനാണ്‌ കെ.എസ്‌.ഇ.ബി ഉദ്ദേശിക്കുന്നത്‌. കോഴിക്കോട്‌ കോര്‍പറേഷന്‍, കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികള്‍, കടലുണ്ടി ഗ്രാമപഞ്ചയത്ത്‌ എന്നിവിടങ്ങളിലാണ്‌ പൈലറ്റ്‌ അടിസ്‌ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്‌. ഓഫീസില്‍ ഇരുന്നുതന്നെ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉപഭോക്‌താവ്‌ ഉപയോഗിച്ച വൈദ്യുതിയുടെ അളവ്‌ അറിയാമെന്നതാണ്‌ ഈ മീററ്റിന്റെ പ്രത്യേകത. വൈദ്യുതി വിതരണ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്‌ സംസ്‌ഥാനത്ത്‌ സ്‌മാര്‍ട്ട്‌ ഇലക്‌ട്രിസിറ്റി മീറ്ററുകള്‍ സ്‌ഥാപിക്കുന്നത്‌. വീടുകളില്‍ സന്ദര്‍ശിക്കാതെ തന്നെ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍ക്ക്‌ മീറ്ററിലുള്ള എല്ലാ വിവരവും അറിയാന്‍ സാധിക്കും. രാജ്യത്തുടനീളം സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ സ്‌ഥാപിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

Post a Comment

0 Comments