കട്ടിപ്പാറ ഉരുള്‍പൊട്ടൽ: കാണാതായ ആറുപേരെ കണ്ടെത്താനായില്ല, തിരച്ചില്‍ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു



കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോല മലയില്‍  കാണാതായ ആറുപേരെ കണ്ടെത്താനായില്ല.  തിരച്ചില്‍ സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. കാരാട്ട് റസാഖ് എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.തിരച്ചിൽ ഊർജ്ജിതമാക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരുസഘം കൂടി ഇന്നെത്തും.

മഴ വിട്ടു നിന്നതോടെ ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി നാട്ടുകാര്‍ ഒന്നടങ്കം ഫയര്‍ഫോഴ്‌സിനും, ദുരന്തനിവാരണ സേനയ്ക്കും, പോലീസിനുമൊപ്പം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്ഥലം എം.എല്‍.എ കാരാട്ട് റസാഖ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെകൂടി ഉള്‍പ്പെടുത്തി സമീപ പ്രദേശത്തെ കുറ്റിക്കാടുകളിലും പുഴയിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മഴ മാറിയതോടെ രാവിലെ ആറ് മണിയോടെ തന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. ഇന്നലെ കണ്ടെത്തിയ മൃതദേഹത്തിന്റെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലിനിടെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍  ഇന്നലെ മരിച്ച ഹസന്റെ പേരകുട്ടി റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.  ഉരുള്‍പൊട്ടലില്‍ മരിച്ച ഹസന്‍റെ ഭാര്യ ആസ്യ, മകള്‍ നുസ്രത്ത്, നുസ്രത്തിന്‍റെ  മകള്‍ റിംഷ ഷെറിന്‍, ഹസന്റെ മരുമകള്‍ ഷംന, ഷംനയുടെ ഒന്നരവയസ്സുള്ള പെണ്‍കുട്ടി, തൊട്ടടുത്ത് താമസിക്കുന്ന അബ്ദുറഹ്മാന്റെ ഭാര്യ നഫീസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

മഴ മാറിയതോടെ നൂറുക്കണക്കിന് ആളുകളാണ്  കരിഞ്ചോലമലയിലേക്കെത്തുന്നത്. കാഴ്ചക്കാരായി ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മാറുകയാണ്. ഇവരെ തടയാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. ദേശീയ ദുരന്ത സേന ഉദ്യോഗസ്ഥരടക്കം നൂറുകണക്കിനാളുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാഴ്ചക്കാരായി എത്തുന്നവര്‍ വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നത് ഫയര്‍ ഫോഴ്സിന്‍റെ അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. യാതൊരു കാരണവശാലും കാഴ്ച കാണാന്‍ ഇങ്ങോട്ട് ആരും വരരുതെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ അഭ്യര്‍ത്ഥന. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷം.ഐ ഷാനാവാസ് എം.പി എന്നിവര്‍ അടക്കമുള്ളവര്‍  ദുരന്ത സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Post a Comment

0 Comments