കോഴിക്കോട്:ടൂറിസം രംഗത്തു വൻമുന്നേറ്റം സൃഷ്ടിക്കുന്ന കാറ്റുളളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. ടൂറിസം വകുപ്പ് 1.50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. നമ്പികുളം കുരിശുപാറയിൽ വാച്ച് ടവർ, റെയിൻ ഷെൽറ്റർ, കഫ്തീരിയ, ബയോ ടോയ്‌ലറ്റ്, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കും. ഓലിക്കൽ ജംക്‌ഷൻ ഭാഗത്ത് ഗേറ്റ്, പാർക്കിങ് സൗകര്യം, കഫ്തീരിയ, ഓഫിസ്, ടിക്കറ്റ് കൗണ്ടർ, ടോയ്‌ലറ്റ് എന്നീ പ്രവൃത്തികൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2100 അടി ഉയരത്തിലുളള നമ്പികുളം മല ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്.
ഈ മലമുകളിൽ നിന്നു വിനോദ സഞ്ചാരികൾക്കു കണ്ണൂർ ധർമടം തുരുത്ത് മുതൽ കോഴിക്കോട് ടൗൺ വരെ ദർശിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂരാച്ചുണ്ട്, കോട്ടൂർ, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ നമ്പികുളത്ത് ടൂറിസം പദ്ധതി പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈ 18നു മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കും. വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ഇന്നു രണ്ടു മണിക്കു കാറ്റുളളമല നിർമല യുപി സ്കൂളിൽ നടക്കും. പുരുഷൻ കടലുണ്ടി എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും.
0 Comments