കോഴിക്കോട്: നിപ്പാ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഗ്രാമീണമേഖലകളിൽ വിവാഹങ്ങൾ മാറ്റിവെക്കുന്നു. അപൂർവമായി നടക്കുന്ന വിവാഹങ്ങൾക്കുപോലും ആളുകളില്ല. ഉണ്ടാക്കിവെച്ച ഭക്ഷണം പോലും പാഴാവുന്ന അവസ്ഥയാണ്. ആൾത്തിരക്കില്ലാത്ത സമയങ്ങളിലാണ് പലരും വിവാഹച്ചടങ്ങുകൾക്കെത്തുന്നത്. തലേദിവസത്തെ വിരുന്നു സൽക്കാരങ്ങൾക്ക് പോലും ആളുകളെത്തുന്നില്ല. കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂർ, ബാലുശ്ശേരി മേഖലകളിലാണ് പ്രശ്നം കൂടുതൽ. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന രണ്ട് വിവാഹങ്ങളാണ് മാറ്റിവയ്ക്കേണ്ടിവന്നത്.
ജൂൺ 9-ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന കൂത്താളി പുനത്തിൽ ചാലിൽ ഗോപിനാഥന്റെ മകൾ അമൃതവാണിയുടെ വിവാഹം മാറ്റിവെക്കേണ്ടിവന്നു. 4-ന് നടക്കാനിരുന്ന പൊറ്റമ്മൽ പാലാഴി റോഡിൽ മംഗളത്തിൽ കെ.പി. ബാൽരാജിന്റെ മകൻ അതുലിന്റെ വിവാഹ റിസപ്ഷനും മാറ്റിവെച്ചു.
0 Comments