നിപ്പ വൈറസ് പേടി: ആളൊഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, ടിക്കറ്റ് കാന്‍സലേഷനും തകൃതി




കോഴിക്കോട്:നിപ്പ ഭീതിയില്‍ തിരക്കൊഴിഞ്ഞ് കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍. വരുമാനം കുത്തനെ ഇടിഞ്ഞതിനൊപ്പം യാത്രാ റദ്ദാക്കലും കൂടിയിട്ടുണ്ട്. റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള കയറ്റിറക്ക് തൊഴിലാളികളുള്‍പ്പെടെ പട്ടിണിയിലായി.

ദിവസേന പതിനാറ് ലക്ഷം രൂപയുടെ വരുമാനമാണ് ടിക്കറ്റ് വില്‍പനയില്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ മാത്രം കിട്ടിയിരുന്നത്. ഇത് പത്ത് ലക്ഷത്തില്‍ താഴെയായി ചുരുങ്ങി. മുന്‍കൂട്ടി ടിക്കറ്റെടുത്തിരുന്ന പലരും യാത്ര റദ്ദാക്കി. സ്റ്റേഷനില്‍ തിരക്കില്ലാതായിട്ട് ദിവസങ്ങളായി. അടുത്തകാലത്തൊന്നും ഇത്തരത്തിലൊരു സാഹചര്യമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.

പേരാമ്പ്രയില്‍ തുടങ്ങിയ നിപ്പ ആശങ്ക ഇപ്പോള്‍ അതിര്‍ത്തി കടന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചെന്ന് വ്യക്തം. കയറ്റിറക്ക് തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍ എന്നിവരെല്ലാം വെറുതെയിരിപ്പാണ്. റയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലും ആളൊഴിഞ്ഞതിനൊപ്പം ഈ മേഖലയെ ആശ്രയിക്കുന്ന പലരും കച്ചവടത്തിന് അവധി നല്‍കി. നഗരത്തിലും തിരക്കൊഴിഞ്ഞ അവസ്ഥയാണ്. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് റയില്‍വേ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments