താമരശ്ശേരി ചുരത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യപരിശോധന


കോഴിക്കോട്:താമരശ്ശേരി ചുരത്തിന്റെ പരിസര പ്രദേശങ്ങളായ അടിവാരം മുപ്പതേക്ര, വള്ളിയാട് ഭാഗങ്ങളിൽ വ്യാപിച്ചു വരുന്ന പകർച്ചവ്യാധി രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനം വകുപ്പ് ,ദേശീയപാത, പോലീസ്,ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ അടിവാരം മുതൽ ചുരം ഏഴാം വളവ് വരെ മാലിന്യങ്ങൾ പരിശോധിച്ച് തെളിവുകൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന് ശ്രമം തുടങ്ങി.

റംസാൻ മാസവും കനത്ത മഴയും കാരണം ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നിരീക്ഷണം കുറഞ്ഞതിനാലാണ് ചുരത്തിൽ മാലിന്യം കൂടി വരുന്നത്. മുന്നൂറ്റി അൻപതോളം വീടുകളിലേക്കുള്ള കുടിവെള്ള സ്രോതസായ ഒറവുചാലുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുന്നതിന് വിവിധ ഡിപ്പാർട്ട്മെന്റിന്റെ സഹകരണം ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.കനത്ത മഴയിലും മാലിന്യ കെട്ടുകൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ ചുരത്തിൽ മാലിന്യങ്ങൾ വലിച്ചെറിന്നവർക്കെതിരെ പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് ചുരം സംരക്ഷണ സമിതി പ്രവർത്തകർ രാപ്പകലില്ലാതെ നിരീക്ഷണം നടത്തും.


 ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ കെ.വേണുഗോപാലിന്റ നേതൃത്വത്തിൽ പുതുപ്പാടി ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദ്ധനൻ, ദേശീയപാത എക്സി. ഇഞ്ചിനീയർ ജമാൽ മുഹമ്മദ്, ഓവർസിയർമാരായ സലിം, ആന്റോ പോൾ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇമ്രോസ് ഏലിയാസ് നവാസ്, സീനിയർ ഫോറസ്റ്റ് ഓഫീസർ മനോജ് ടി.പി., ജില്ലാ പഞ്ചായത്ത് മെമ്പർ വി.ടി.ജോസഫ്, പുതുപ്പാടി പഞ്ചായത്ത് മെമ്പർ മുത്തു അബ്ദുൽ സലാം, താമരശ്ശേരി പോലീസ് എ.എസ്.ഐ സെബാസ്റ്റ്യൻ, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ സുകുമാരൻ, വി.കെ താജുദ്ധീൻ, ഷൗക്കത്ത് എലിക്കാട് തുടങ്ങിയ നാൽപതോളം സമിതി പ്രവർത്തകരും ഈ ഉദ്യമത്തിൽ പങ്കാളികളായി.

Post a Comment

0 Comments