കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തരംതാഴ്‌ത്താനുള്ള ഉത്തരവ് താത്‌കാലികമായി മരവിപ്പിച്ചുകോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി ഒരു പോയിന്റ് താഴ്‌ത്താനുള്ള നീക്കം താത്‌കാലികമായി മരവിപ്പിച്ചു. സാമ്പത്തികബാധ്യത കുറയ്ക്കാനെന്ന പേരിൽ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവാണ് വിമാനത്താവള അതോറിറ്റി താത്കാലികമായി മരവിപ്പിച്ചത്. കാറ്റഗറി എട്ടിൽനിന്ന് കാറ്റഗറി ഏഴിലേക്കാണ് വിമാനത്താവളത്തെ തരംതാഴ്‌ത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിമാനത്താവള അധികൃതരുടെ ശുപാർശ എയർപോർട്ട് അതോറിറ്റി അംഗീകരിക്കുകയായിരുന്നു. വിമാനത്താവള അതോറിറ്റിയുടെ ഉത്തരവിൽ താത്കാലികമാണ് പദവിതാഴ്‌ത്തൽ എന്നു പറഞ്ഞിരുന്നു. എന്നാൽ വൻ എതിർപ്പാണ് അതോറിറ്റിക്ക്‌ നേരിടേണ്ടിവന്നത്. ഇതാണ് പുതിയ തീരുമാനത്തിനു കാരണം.

നേരത്തെ ജംബോ ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് സർവീസിന് അനുമതിയുണ്ടായിരുന്ന കാലത്ത് കാറ്റഗറി ഒൻപതിലായിരുന്നു വിമാനത്താവളത്തിന്റെ സ്ഥാനം. ഇതനുസരിച്ചാണ് പല വിദേശ വിമാനക്കമ്പനികൾക്കും കോഴിക്കോട്ട്‌ സർവീസിന് അനുമതിലഭിച്ചത്. എന്നാൽ 2015-ൽ റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങൾ കോഴിക്കോട്ടുനിന്ന്‌ പിൻവലിച്ചതോടെ വിമാനത്താവളത്തിന്റെ പദവി കാറ്റഗറി എട്ടിലേക്ക് താഴ്‌ത്തിയിരുന്നു. ഇടത്തരം വിമാനങ്ങൾ സർവീസ് നടത്തുന്ന വിമാനത്താവളങ്ങളാണ് ഈ കാറ്റഗറിയിൽ വരുന്നത്.

ഡി കാറ്റഗറിയിൽ വരുന്ന ബോയിങ് 777 മുതലുള്ള വിമാനങ്ങൾക്ക് കോഴിക്കോട് സർവീസ് നടത്താമെന്നിരിക്കെ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുപകരം ഇടത്തരം വിമാനങ്ങൾ സർവീസ് നടത്തുന്നില്ല എന്ന കാരണംപറഞ്ഞ് വിമാനത്താവളത്തെ തരംതാഴ്‌ത്താനാണ് എയർപോർട്ട് ഡയറക്ടറുടെ ശുപാർശയിൽ അതോറിറ്റി തീരുമാനമെടുത്തത്. പുതിയ തീരുമാനം നടപ്പായിരുന്നുവെങ്കിൽ വിദേശ വിമാനക്കമ്പനികളുടെ കോഴിക്കോട് സർവീസിനുള്ള അപേക്ഷ വളരെയെളുപ്പം എയർപോർട്ട് അതോറിറ്റിക്ക് നിരസിക്കാനാവും.ഈ കാലയളവിൽ തന്നെ സൗദി എയർലെൻസ് നൽകിയ സർവീസിനുള്ള അപേക്ഷ അതോറിറ്റി തളളിയിരുന്നു.

Post a Comment

0 Comments