സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസ്; കൊച്ചുവേളി-മംഗലാപുരം ട്രെയിൻ സര്‍വ്വീസ് ആരംഭിച്ചു.




തിരുവനന്തപുരം:സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസായ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.നാരായണന്‍ എം.പി.മേയര്‍ വി.കെ. പ്രശാന്ത്, എം. എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അഡി.ജനറല്‍ മാനേജര്‍ പി.കെ. മിശ്ര സ്വാഗതവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ നന്ദിയും പറഞ്ഞു.

ട്രെയിൻ ഫ്ലാഗ് ഓഫ് കർമം കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ നിർവ്വഹിക്കുന്നു.


ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന സര്‍വ്വീസ്. ഞായറാഴ്ച മുതലാണ് റെഗുലര്‍ സര്‍വ്വീസ് തുടങ്ങുക. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10 ന് കൊച്ചുവേളിയിലും എത്തുന്നതാണ് റെഗുലര്‍ സര്‍വ്വീസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. എറണാകുളം-പാറ്റ്നയാണ് ആദ്യ അന്ത്യോദയ എക്സ്പ്രസ്.

മുന്‍കൂര്‍ സീറ്റ് റിസര്‍വേഷനില്ലാത്ത എല്ലാകോച്ചുകളും അണ്‍റിസര്‍വ്വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്പ്രസ്. സാധാരണ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും ടിക്കറ്റ് നിരക്ക്. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്‌.ബി.കോച്ചുകളാണിതെല്ലാം. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് ,ലഗ്ഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സീറ്റ് പക്ഷെ ബക്കറ്റ് സീറ്റല്ല, നീളത്തിലുള്ള കുഷ്യന്‍ ബഞ്ച് സീറ്റുകളാണ്. കൊച്ചുവേളിയില്‍ നിന്ന് 11.50 മണിക്കൂറുകൊണ്ട് മംഗലാപുരത്തെത്തും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സര്‍വ്വീസ്. കൊല്ലത്ത് 3 മിനിറ്റ്, തൃശ്ശൂരില്‍ 2 മിനിറ്റ്, ഷൊര്‍ണ്ണൂരില്‍ 10 മിനിറ്റ് മറ്റ് സ്റ്റേഷനുകളില്‍ 5 മിനിറ്റ് വീതവും സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 16355/16356.

Post a Comment

0 Comments