കോഴിക്കോട്:നഗരഗതാഗതത്തിനു പ്രതീക്ഷയായി മൊബിലിറ്റി ഹബിന്റെ നടപടികൾ മുന്നോട്ട്. ദേശീയപാത ബൈപാസിനു കിഴക്കായി പാച്ചാക്കൽ ജംക്‌ഷനു സമീപം കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ ചേവായൂർ, കോട്ടൂളി വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചു. 15 ഏക്കറോളം വരുന്ന സ്വകാര്യഭൂമിയിൽ അധികവും വയൽപ്രദേശമാണ്. പൊതുആവശ്യമെന്ന നിലയ്ക്ക് പദ്ധതിക്കായി ഈ ഭൂമിയുടെ തരംമാറ്റാനായി സർക്കാരിന് അപേക്ഷനൽകുകയാണ് അടുത്ത നടപടി. ഈ ലക്ഷ്യത്തോടെ എ.പ്രദീപ്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിക്കും. പ്രദീപ്കുമാർ എംഎൽഎ ചെയർമാനും കലക്ടർ യു.വി.ജോസ് നോഡൽ ഓഫിസറും റീജനൽ ടൗൺ പ്ലാനർ കെ.വി.അബ്ദുൽ മാലിക് കൺവീനറുമായ അഡ്‌ഹോക് കമ്മിറ്റിയാണ് ഇപ്പോൾ നടപടികൾക്കു നേതൃത്വം നൽകുന്നത്. ഭൂമിനൽകിയാൽ ഭൂമി വിട്ടുനൽകുന്നവർക്കും ഗുണപ്പെടുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് റീജനൽ ടൗൺ പ്ലാനർ കെ.വി.അബ്ദുൽ മാലിക് അറിയിച്ചു. അഞ്ചേക്കർ മുതൽ 10 സെന്റ്‌വരെയായി ഇരുപത്തഞ്ചോളം പേരുടെ പേരിലുള്ള ഭൂമിയാണു പരിഗണിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് സ്ഥലമുടമകളുടെ യോഗം വിളിച്ചാണ് അന്തിമതീരുമാനമെടുക്കുക. പദ്ധതിയിൽ ഇവർക്ക് എന്തെല്ലാം ഗുണങ്ങളുണ്ടാകുമെന്നതു സംബന്ധിച്ചും ചർച്ചചെയ്തു തീരുമാനിക്കും.
മൊബിലിറ്റി ഹബ് കെട്ടിടത്തിൽ സ്ഥലം അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളാകും പരിഗണിക്കുക. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും മൊബിലിറ്റി ഹബ് സ്ഥാപിക്കുക. പദ്ധതി നടപ്പാക്കാനായി പ്രത്യേക ദൗത്യസംവിധാനം (എസ്പിവി) രൂപീകരിക്കുകയെന്നതാണ് മറ്റൊരു പ്രധാന നടപടി. മൊബിലിറ്റി ഹബുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ തയാറാക്കുമെന്ന് ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തിരക്കൊഴിയും നഗരത്തിലെ തിരക്കൊഴിവാക്കാനുള്ള പ്രധാനനടപടികളിലൊന്നാണ് മൊബിലിറ്റി ഹബ് സംവിധാനം. ദീർഘദൂര ബസുകൾ നഗരത്തിനുള്ളിലേക്കു പ്രവേശിക്കാതെ നഗരാതിർത്തിയിൽ സ്ഥാപിക്കുന്ന ഹബിലേക്കെത്തുകയും അവിടെനിന്നുതന്നെ പുറപ്പെടുകയും ചെയ്യും. നഗരത്തിലെ ബസുകളുടെ എണ്ണം കുറയുന്നതോടെ തിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്. നിലവിൽ എല്ലാ ബസുകളും നഗരത്തിനുള്ളിലേക്കു കടന്ന് കെഎസ്ആർടിസി, മൊഫ്യൂസിൽ, പാളയം സ്റ്റാൻഡുകളിൽ ഒന്നിലേക്കെത്തുന്നുണ്ട്.
നഗരത്തിനുള്ളിൽ സിറ്റി ബസുകൾ മാത്രമാകുമ്പോൾ നിരത്തുകളിലെ ഗതാഗതം കൂടുതൽ സുഗമമാകും. നാറ്റ്പാക് സമർപ്പിച്ച കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിലും (സിഎംപി) നഗരത്തിന്റെ മാസ്റ്റർ പ്ലാനിലും ഹബ് നിർദേശിച്ചിട്ടുണ്ട്. ദീർഘദൂര ബസുകൾ നഗരത്തിലെ സ്റ്റാൻഡുകളിലേക്കെത്താതെ സർവീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും മൊബിലിറ്റി ഹബിൽനിന്നായിരിക്കും. ഇതോടെ പാളയം, മൊഫ്യൂസിൽ സ്റ്റാൻഡുകൾ ഇല്ലാതാകും. ഇവിടങ്ങളിൽ ബഹുനില പാർക്കിങ് പ്ലാസകൾ നിർമിക്കാമെന്നുമാണ് നിർദേശം.
0 Comments