ചരക്കുവാഹനങ്ങളുടെ അനിശ്ചിതകാല സമരം: നഗരത്തില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചു



കോഴിക്കോട്:ചരക്കുവാഹനങ്ങളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ കോഴിക്കോട് നിന്നുള്ള ചരക്ക് നീക്കം സ്തംഭനത്തിലായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ചരക്കുമായി അങ്ങാടിയിലെത്തിയ വാഹനങ്ങള്‍ ചരക്കുകള്‍ കയറ്റാതെയാണ് തിരിച്ചുപോയത്. പഴം, പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളില്‍ തിങ്കളാഴ്ചയോടെ വന്‍ മാന്ദ്യമനുഭവപ്പെടും. ഇപ്പോഴുള്ള ചരക്കുകള്‍ മാത്രമാണ് വിപണിയിലുള്ളത്. മലഞ്ചരക്ക് വ്യാപാരമേഖലയില്‍ ആദ്യദിവസം തന്നെ ചരക്കു നീക്കം നിലച്ചിരുന്നു. കോഴിക്കോട് മലഞ്ചരക്ക് വിപണിയില്‍ നിന്നുമാണ് കൊപ്ര, അടക്ക തുടങ്ങിയവ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാറ്. രണ്ടു ദിവസമായി കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോറിഉടമകളും തൊഴിലാളികളും സമരത്തിലേര്‍പ്പെട്ടതോടെ കയറ്റിറക്ക് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഡീസല്‍വില വര്‍ധനവിലും തേഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയുമായി അഖിലേന്ത്യാ തലത്തിലാണ് ലോറിസമരം. അടുത്ത ദിവസം മുതല്‍ ടാങ്കര്‍ ലോറികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയങ്ങാടി തിങ്കളാഴ്ചയോടെ കച്ചവടമാന്ദ്യത്തിലാവും. സംസ്ഥാന ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷനാണ് കേരളത്തില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments