കോഴിക്കോട്:നിപ്പ വൈറസ് ബാധിതനെ പരിചരിക്കുന്നതിനിടെ രോഗം പിടിപെട്ടു മരിച്ച നഴ്സ് പി.എൻ. ലിനിയുടെ കുടുംബത്തിന്റെ അത്താണിയായ ഭർത്താവ് പി.സജീഷ് സർക്കാർ ജോലിയിൽ പ്രവേശിച്ചു. കൂത്താളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എൽഡി ക്ലാർക്കായാണു നിയമനം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു ലിനി. ലിനിയുടെ മരണത്തിനു ശേഷം സജീഷ് വിദേശത്തെ ജോലി ഉപേക്ഷിച്ച് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നാട്ടിൽ തങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ കൂത്താളി അമ്പലത്തിൽ ദർശനം നടത്തിയ ശേഷം ബന്ധുക്കളോടും സാമൂഹിക പ്രവർത്തകരോടുമൊപ്പമെത്തിയ സജീഷ് ഒൗദ്യോഗിക ചുമതല ഏറ്റെടുത്തു. സർക്കാർ ജോലിയെന്നത് ലിനിയുടെ വലിയ ആഗ്രഹമായിരുന്നെന്നും എന്നാൽ ഈ വിധം ജോലി ലഭിക്കാനാണ് വിധി ഇടയാക്കിയതെന്നും നൊമ്പരത്തോടെ സജീഷ് പറഞ്ഞു. കുടുംബത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീടിനടുത്തു തന്നെയാണ് സജീഷിന് സർക്കാർ നിയമനം നൽകിയത്.
0 Comments