സംസ്ഥാനത്തിന് പാർക്കിങ് നയം വരുന്നു; പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട് നഗര പാർക്കിങ് നയത്തിന്റെ ചുവടുപിടിച്ച്


കോഴിക്കോട്:സംസ്ഥാനത്ത് പാർക്കിങ് നയം രൂപവത്കരിക്കുന്നു. ഇതിനായുള്ള സർവേ എല്ലാ കോർപ്പറേഷനുകളിലും തുടങ്ങി. കോഴിക്കോട് കോർപ്പറേഷൻ ആവിഷ്‌കരിച്ച പാർക്കിങ് നയത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. നഗരാസൂത്രണവിഭാഗത്തെയാണ് സർവേക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ചില കോർപ്പറേഷനുകളിൽ നാറ്റ്പാക്കായിരിക്കും വകുപ്പിനുവേണ്ടി സർവേ നടത്തുക. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.

സ്വകാര്യസ്ഥലങ്ങളിലുൾപ്പെടെ നിലവിലുള്ള പാർക്കിങ് ഇടങ്ങളിൽ എത്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്ന് വിലയിരുത്തും. വ്യത്യസ്തസമയങ്ങളിൽ ഇവിടെ വന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുക്കും. കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയുമോയെന്നും പരിശോധിക്കും. അടുത്തഘട്ടത്തിൽ പുതിയ പാർക്കിങ് ഇടങ്ങൾ കണ്ടെത്തും. എത്ര വരുമാനം ലഭിച്ചാൽ സ്വകാര്യവ്യക്തികൾ പാർക്കിങ്ങിനായി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകുമെന്നും വിലയിരുത്തും. ബഹുനില പാർക്കിങ് സാധ്യതകളും ആരായും.

ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങളെ മൂന്നോ നാലോ മേഖലകളായി തിരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക. എത്രത്തോളം പാർക്കിങ് ഫീസ് കൊടുക്കാൻ തയ്യാറാണെന്ന് പൊതുജനങ്ങളിൽനിന്ന് വിവരശേഖരണവും നടത്തും. വാണിജ്യ, വ്യവസായ കെട്ടിടങ്ങൾക്കായി പ്ലാനുകൾ സമർപ്പിക്കുമ്പോൾ പാർക്കിങ്ങിനായി നീക്കിവെച്ച സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കും. കോർപ്പറേഷനുകൾക്കുശേഷം മുനിസിപ്പൽ പ്രദേശങ്ങൾക്കും പാർക്കിങ് നയം രൂപവത്കരിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്

Post a Comment

0 Comments