കൊയിലാണ്ടിയിലെ കുരുക്കഴിക്കാൻ നഗരവികസന-സൗന്ദര്യവല്‍ക്കരണ പദ്ധതി



കോഴിക്കോട്:കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നഗരവികസന-സൗന്ദര്യവല്‍ക്കരണ പദ്ധതി തയാറാക്കുന്നു. ഇതോടനുബന്ധിച്ച് കെ. ദാസന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കെ. ദാസന്‍ എം.എല്‍.എ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് ദേശീയപാത അതോറ്റിയുടെ മേല്‍നോട്ടം നല്‍കും. നഗരസഭയുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടത്തുക. കൂടാതെ റോഡ് സുരക്ഷിതത്വത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും വകയിരുത്താന്‍ കഴിയും.

രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് റോഡ് വീതികൂട്ടി സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടികള്‍ ഉടനെ ആരംഭിക്കും. പഴയ സ്റ്റാന്‍ഡിന് മുന്‍വശത്താണ് റോഡ് വീതികൂട്ടി സൗന്ദര്യവല്‍ക്കരണം നടത്തുക. റോഡിന്റെ വശത്ത് നടപ്പാത ടൈല്‍സ് പാകി കമ്പിവേലി കെട്ടി മനോഹരമാക്കും. കൂടാതെ റോഡ് വീതി കൂട്ടി ഇപ്പോഴുള്ള ഡ്രെയിനേജുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ തടസമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍, ഹൈമാസ്റ്റ് ലൈറ്റും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. കൂടാതെ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Post a Comment

0 Comments