മലബാര്‍ റിവര്‍ ഫെസ്റ്റിവൽ ,ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ്: സമാപനം ഇന്ന്



കോഴിക്കോട്: നാല് ദിവസമായി മലയോര മേഖലയെ ആഘോഷതിമിര്‍പ്പിലാറാടിച്ച ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ഇന്ന് സമാപിക്കും. വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെ വരവേറ്റ മലയോര ഫെസ്റ്റ് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ അധ്യായം വരച്ചിട്ടാണ് കൊടിയിറങ്ങുന്നത്. കുതിച്ചൊഴുകുന്ന പുഴയില്‍ താരങ്ങളുടെ സാഹസിക പ്രകടനം കാഴ്ചക്കാരെ പിടിച്ചു നിര്‍ത്തുന്നതായിരുന്നു.

ശനിയാഴ്ച പുരുഷ-വനിതാ പ്രൊഫണല്‍ താരങ്ങള്‍ മത്സരിച്ച ബോട്ടോര്‍ ക്രോസ് പ്രൊഫണല്‍, ബോട്ടോര്‍ ക്രോസ് ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ പുലിക്കയം ചാലിപ്പുഴയിലാണ് നടന്നത്. ദേശീയ-വിദേശ താരങ്ങളടക്കം 50 തിലധികം പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബോട്ടോര്‍ ക്രോസ് പ്രൊഫണല്‍ പുരുഷ വിഭാഗത്തില്‍ ഒൡിക്‌സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍ ഒന്നാംസ്ഥാനം നേടി. അമേരിക്കക്കാരനായ ഡെയിന്‍ ജാക്‌സണ്‍ രണ്ടാംസ്ഥാനവും സ്‌പെയിന്‍കാരന്‍ ഗര്‍ഡ് സെറാസോള്‍സ് മൂന്നാംസ്ഥാനവും നേടി. കാനഡയുടെ കലോബ് ഗ്രാഡി നാലാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്‍ഡ്‌സിന്റെ മാര്‍ട്ടിന വെഗ്മാന്‍ ജേതാവായി. ഇംഗ്ലണ്ടില്‍ നിന്നുള്ള മോളി ആഗര്‍ രണ്ടും ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ മൂന്നാംസ്ഥാനവും നേടി. അമേരിക്കക്കാരി അന്നാ ബ്രൂണോക്കാണ് നാലാംസ്ഥാനം. ഉച്ചക്ക് ശേഷം നടന്ന ബോട്ടോര്‍ക്രോസ് ഇന്റര്‍ മീഡിയറ്റ് പുരുഷ വിഭാഗത്തില്‍ സിംഗപൂരില്‍ നിന്നുള്ള ശിവനേശന്‍ ഒന്നാംസ്ഥാനം നേടി. ഇന്ത്യാക്കാരായ ജോയ് മല്‍ഹോത്ര, യദുനന്ദന്‍ എന്നിവര്‍ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള സാനിയ പിംഗ്‌ളേ ഒന്നാംസ്ഥാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. ശിഖ രണ്ടാംസ്ഥാനവും അഹാന മൂന്നാംസ്ഥാനവും നേടി. ഇന്ത്യന്‍ കയാക്കിങ് ആന്റ് കനോയ് അസോസിയേഷന്‍ ടീമംഗങ്ങളാണ് വിജയികള്‍.

ഇന്നത്തെ മത്സരങ്ങള്‍ അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴയില്‍ രാവിലെ 10-ന് ആരംഭിക്കും ചാമ്പ്യന്‍ഷിപ്പിലെ റാപിഡ് രാജ, റാപിഡ് റാണി എന്നിവരെ തെരഞ്ഞെടുക്കുന്ന ഡൗണ്‍ റിവര്‍ എക്‌സ്ട്രീം റെയ്‌സ് ആണ് ഇന്നത്തെ പ്രധാന ഇനം. തുടര്‍ന്ന് ഫെസ്റ്റിവലില്‍ പങ്കെടുത്ത താരങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ഫണ്‍ റെയ്‌സ് ഉച്ചക്ക് ശേഷവും നടക്കും. സമാപന സമ്മേളനവും താരങ്ങള്‍ക്കുള്ള സമ്മാനദാനവും വൈകിട്ട് അഞ്ചിന് പുല്ലൂരാംപാറ ഇലന്തുകടവു പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments